കൊച്ചി: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്ത യുവതി ലോറിയിടിച്ച് മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണിയുടെ ബൈക്കിലാണ് നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി, സിഗ്നൽ നൽകാതെ പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. ലോറിയിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ നന്ദനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിനിടയാക്കിയത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അശ്വിൻ ആന്റണിയെ (22) കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
