Zygo-Ad

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉന്നതതല യോഗം ഇന്ന്


 തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിലവിൽ അനുഭവപ്പെടുന്ന അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് സമയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗം നിലവിലെ സാഹചര്യം വിശദമായി വിലയിരുത്തിയിരുന്നു.

വൈകുന്നേരം 6 മണി മുതൽ വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്ന പീക്ക് അവർ സമയത്താണ് പ്രധാനമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഈ സമയത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്. ട്രാൻസ്ഫോർമറുകളുടെ അമിത ഭാരം കുറച്ച് വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ ക്രമീകരണമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്ത് ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്നും ബില്ല് വർധനവിൽ ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നുമാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. വൈദ്യുതി മുടങ്ങുന്ന വിവരങ്ങൾ മുൻകൂട്ടി അറിയിക്കാൻ ഉപഭോക്താക്കൾക്ക് എസ്എംഎസ് നൽകാനും ബോർഡ് ശ്രമിക്കുന്നുണ്ട്.

 

വളരെ പുതിയ വളരെ പഴയ