തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്.
തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി.
കഴിഞ്ഞ ഞായറാഴ്ച അറുപത് ശതമാനത്തോളം പൊള്ളലുമായി ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണനും മരണത്തിന് കീഴടങ്ങിയിരുന്നു.
നൂറ് ശതമാനം പൊള്ളലേറ്റ നിലയില്‍ ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ടിന്റെ കരാറുകാരൻ സതീശൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇവർ രണ്ടുപേരും തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.
തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്ന് ശേഖരിച്ചിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ ഏപ്രില്‍ 21-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വൻ സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന ദിവസം തന്നെ പതിമൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
