കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങി.
52 ദളിത് സംഘടനകള്‍ ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹർത്താല്‍. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഹർത്താലനുകൂലികള്‍ ബസ് തടയുന്നുണ്ട്. ഇത് സ്ഥലത്ത് സംഘർഷ സാഹചര്യം സൃഷ്ടിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡില്‍ കെഎസ്‌ആർടിസി ബസ്സുകള്‍ തടയുന്നുണ്ട്. പോലീസ് വാഹനം കടത്തിവിടാൻ ശ്രമം നടത്തുന്നുണ്ട്.
ഇടുക്കി ജില്ലയിലും വാഹനങ്ങള്‍ തടയുന്നതായി റിപ്പോർട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. കണ്ണൂർ പഴയങ്ങാടിയിലും വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോകേണ്ട ഒരു സ്ത്രീയെ പൊലീസ് ബസില്‍ നിന്നിറക്കി പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പലയിടത്തും ജനങ്ങള്‍ കടകളടച്ച് സഹകരിക്കുന്നുണ്ടെന്ന് ഹർത്താലനുകൂലികള്‍ പറയുന്നു. എല്ലാ അറിയിപ്പുകളും നല്‍കിയിരുന്നതായും, എന്നിട്ടും വാഹനങ്ങള്‍ ഓടുന്നതുകൊണ്ടാണ് തടയുന്നതെന്നും, ദളിത് വിഭാഗങ്ങള്‍ നടത്തുന്ന സമരമായതു കൊണ്ടാണ് ആരും അനുകൂലിക്കാത്തതെന്നും ഹർത്തലനുകൂലികള്‍ വ്യക്തമാക്കി.
വാഹനങ്ങള്‍ തടയില്ലെന്നും, കടകള്‍ നിർബന്ധിതമായി അടപ്പിക്കില്ലെന്നും ഹർത്താലിന് ആഹ്വാനം ചെയ്ത ദളിത് സംഘടനകളുടെ ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ ഹർത്താലുമായി സഹകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്.
അതെസമയം കടകള്‍ തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നിലപാടെടുത്തിരുന്നു. കേരള ടെക്സ്റ്റൈല്‍സ് ഗാർമെന്റ്സ് ഫെഡറേഷൻ, കേരള സ്റ്റീല്‍ ട്രേഡേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളും ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി. കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ഹർത്താലിനെ അനുകൂലിക്കില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്.
നിതിൻ രാജിന്റെ കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുമ്പോട്ട് പോകുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗണ്‍സില്‍ തിങ്കളാഴ്ച വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ ഗാന്ധി പാർക്ക് വരെ പ്രതിഷേധ സംഗമം നടത്തിയിരുന്നു. ആരോപണ വിധേയരായ അധ്യാപകരെ രക്ഷപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചു എന്നാണ് ദളിത് സംഘടനകള്‍ ആരോപിക്കുന്നത്. ഡോക്ടർ റാമും, സംഗീത നമ്പ്യാരും ഒളിവിലായിരുന്നു. ജാമ്യം ലഭിച്ച ശേഷമാണ് സംഗീത നമ്പ്യാർ പുറത്തു വന്നത്. ഇത്രയും നാള്‍ സംഗീത നമ്പ്യാർക്ക് ഒളിവില്‍ കഴിയാൻ പോലീസ് സൗകര്യം ഒരുക്കി നല്‍കിയെന്ന് ദളിത് സംഘടനകള്‍ ആരോപിക്കുന്നു.
വിവിധ സർവകലാശാലകള്‍ പ്രഖ്യാപിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള ടെക്‌നിക്കല്‍ സര്‍വകലാശാലയും പരീക്ഷകളെല്ലാം മാറ്റിയിട്ടുണ്ട്. പരീക്ഷ ഇനി എന്ന് നടക്കുമെന്ന് വെബ്സൈറ്റ് വഴി അറിയിക്കും.
