Zygo-Ad

നഴ്സിങ് പണിമുടക്ക്: നിയമപരമായ അച്ചടക്ക നടപടിയെടുക്കാൻ ആശുപത്രി മാനേജ്മെന്റുകൾക്ക് ഹൈക്കോടതിയുടെ പച്ചക്കൊടി

 


കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാൻ കേരള ഹൈക്കോടതി അനുമതി നൽകി. നഴ്സുമാർ പണിമുടക്കരുതെന്ന മുൻ ഉത്തരവ് പിൻവലിച്ചുകൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ സുപ്രധാന വിധി. നഴ്സുമാരും മാനേജ്മെന്റുകളും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ.

ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. നേരത്തെ, പണിമുടക്ക് അവസാനിപ്പിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കോടതിയെ അറിയിച്ചതിന് വിരുദ്ധമായി ചില ആശുപത്രികളിൽ ഇപ്പോഴും പണിമുടക്ക് തുടരുകയാണെന്ന് മാനേജ്മെന്റുകൾ ബോധിപ്പിച്ചു.

മധ്യസ്ഥ ചർച്ചകൾ വഴി പ്രശ്നപരിഹാരത്തിന് സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് സമരം ചെയ്യാനുള്ള വിലക്ക് കോടതി നീക്കിയത്. ഇതോടൊപ്പം തന്നെ, ജോലിക്ക് ഹാജരാകാത്തവർക്കെതിരെ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റുകൾക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ആശുപത്രി സേവനങ്ങളെ 'അവശ്യ സേവന' (ESMA) പരിധിയിൽ കൊണ്ടുവരണമെന്നും സമരങ്ങളിൽ നിന്ന് സംരക്ഷണം നൽകണമെന്നുമുള്ള മാനേജ്മെന്റുകളുടെ മറ്റ് ആവശ്യങ്ങൾ കോടതിയുടെ പരിഗണനയിലാണ്.



വളരെ പുതിയ വളരെ പഴയ