കണ്ണൂര്‍: ജില്ലയില്‍ ചെങ്കല്ലിന് വില വര്‍ധിപ്പിക്കാനുള്ള ചെങ്കല്‍ വ്യവസായ അസോസിയേഷൻ്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രില്‍ 20 മുതല്‍ ഒരു കല്ലിന് എട്ട് രൂപയോളം വര്‍ധിപ്പിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഒരു വിഭാഗം ഉടമകള്‍ ഈ വില വര്‍ധനവിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഇത്രയും വലിയ തുക വര്‍ധിപ്പിക്കുന്നത് സാധാരണക്കാരുടെ വീട് നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ തീരുമാനം തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനും കാരണമാകും.
സാധാരണക്കാരെയും തൊഴിലാളികളെയും ഒരുപോലെ ദുരിതത്തിലാക്കുന്ന തീരുമാനത്തില്‍ നിന്ന് ചെങ്കല്‍ വ്യവസായ അസോസിയേഷന്‍ പിന്മാറണം. വില വര്‍ധിപ്പിക്കാനുളള നീക്കവുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
