വയനാട് : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള മൂന്ന് മാസത്തെ ഉപജീവന ബത്ത സര്‍ക്കാര്‍ അനുവദിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള തുകയാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി 3,19,95,000 രൂപ ദുരന്തനിവാരണ വകുപ്പ് വയനാട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.
ജൂണ്‍ മാസത്തോടെ ദുരന്തബാധിതരുടെ പുനരധിവാസം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ വരെയുള്ള ആനുകൂല്യം ഇപ്പോള്‍ അനുവദിച്ചത്. തുക എത്രയും വേഗത്തില്‍ അര്‍ഹരായവരുടെ കൈകളിലെത്തിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരന്തത്തെത്തുടര്‍ന്ന് വരുമാന മാര്‍ഗം അടഞ്ഞ കുടുംബങ്ങളിലെ രണ്ട് മുതിര്‍ന്ന വ്യക്തികള്‍ക്ക് വീതം പ്രതിദിനം 300 രൂപ നിരക്കിലാണ് ബത്ത നല്‍കുന്നത്. നിലവില്‍ വിവിധ ക്യാമ്പുകളിലും വാടക വീടുകളിലും താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ സഹായം ലഭിക്കും.
