വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞതോടെ വിഷു, പെരുന്നാൾ, ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ മലയോരത്തെ കർഷകർ കടുത്ത ദുരിതത്തിലായി. കഴിഞ്ഞ വർഷം കിലോയ്ക്ക് 60 മുതൽ 70 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ 18 മുതൽ 20 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. വിഷുവിനോട് അനുബന്ധിച്ച് നേരിയ വിലക്കയറ്റം ഉണ്ടായെങ്കിലും പിന്നീട് വില താഴേക്ക് പോകുകയായിരുന്നു.
കഠിനമായ വേനൽച്ചൂട് വിളവുകളെ സാരമായി ബാധിച്ചതും കർഷകർക്ക് തിരിച്ചടിയായി. ചൂട് കാരണം പഴുപ്പിച്ച കുലകൾ പെട്ടെന്ന് കരിഞ്ഞുണങ്ങുന്നതിനാൽ വ്യാപാരികൾക്ക് കൂടുതൽ സ്റ്റോക്ക് എടുക്കാൻ സാധിക്കുന്നില്ല. സാധാരണ ഒരാഴ്ചയോളം വിൽക്കാൻ സാധിച്ചിരുന്ന പഴങ്ങൾ ഇപ്പോൾ പെട്ടെന്ന് കറുത്തുപോകുന്നത് തിരിച്ചടിയാകുന്നു. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള വാഴക്കുലകൾ കൂടി എത്തുന്നതോടെ വില ഇനിയും കുറയുമോ എന്ന ആശങ്കയിലാണ് കർഷകർ. ബാങ്ക് വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിറക്കിയ ആയിരക്കണക്കിന് കർഷകരാണ് ഇതോടെ കടക്കെണിയിലായിരിക്കുന്നത്.
