കണ്ണപുരം: കണ്ണപുരം മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീശക്തിയെ ആദരിക്കുന്ന മഹിളാ രത്നം പുരസ്കാര സമർപ്പണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരി കെ. ശശികല ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.വി. സരോജിനി അധ്യക്ഷത വഹിച്ചു.
സാമൂഹിക സേവന രംഗത്തും കലാരംഗത്തും മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സാന്ത്വന പരിചരണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഏഴോത്തെ യു.പി.വി. യശോദയ്ക്ക് 'കർമ്മശ്രീ' പുരസ്കാരവും, കളിമൺ കരകൗശല നിർമ്മാണത്തിലെ മികവിന് മൊട്ടമ്മലിലെ ടി.വി. സീതയ്ക്ക് 'കലാശ്രീ' പുരസ്കാരവും നൽകി ആദരിച്ചു. പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മഹാത്മ സേവാഗ്രാം ചെയർമാൻ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട്, എം. നാരായണൻ, കെ.സി. രാധ, ടി.വി. ഉണ്ണികൃഷ്ണൻ, സി.ടി. അമീറലി, എ.വി. സിദ്ധിഖ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ നിരവധി പേർ പങ്കെടുത്തു.
മഹിളാ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
ചടങ്ങിനോടനുബന്ധിച്ച് മഹാത്മ സേവാഗ്രാം മഹിളാ ഫോറത്തിൻ്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി.വി. സരോജിനി (ചെയർപേഴ്സൺ), വി. സിന്ധു (സെക്രട്ടറി), പി.വി. ചന്ദ്രിക (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്.
