ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സാധാരണക്കാർക്ക് ആശ്വാസം പകരുന്നതിനും പിഴഭാരം കുറയ്ക്കുന്നതിനുമായി മോട്ടോർ വാഹന നിയമത്തിൽ 20 ഓളം ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ പിഴയില്ലാതെ അത് ഉപയോഗിക്കാൻ അനുമതി ലഭിക്കും. ഈ കാലയളവിനുള്ളിൽ ലൈസൻസ് പുതുക്കുന്നവർക്ക് അധിക ഫീസ് നൽകേണ്ടതില്ല.
ജിതിൻ പ്രസാദ അവതരിപ്പിച്ച 'ജൻ വിശ്വാസ്' ഭേദഗതി ബില്ലിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 23 മന്ത്രാലയങ്ങൾക്ക് കീഴിലുള്ള 79 കേന്ദ്ര നിയമങ്ങളിലായി ആകെ 784 ഭേദഗതികളാണ് ബിൽ വഴി നടപ്പിലാക്കുന്നത്. ഇതിൽ 1988-ലെ മോട്ടോർ വാഹന നിയമവും ഉൾപ്പെടുന്നു.
പ്രധാന മാറ്റങ്ങൾ:
* പുതുക്കൽ കാലാവധി: ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പുതുക്കാൻ അപേക്ഷിക്കാം. ഇങ്ങനെ ചെയ്താൽ പഴയ ലൈസൻസിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയതിന് പ്രാബല്യം ലഭിക്കും. എന്നാൽ കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതുക്കുന്ന തീയതി മുതൽക്കായിരിക്കും ലൈസൻസിന് പ്രാബല്യം ഉണ്ടാവുക.
* ശിക്ഷാ ലഘൂകരണം: നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കി ശിക്ഷകൾ ലഘൂകരിക്കുക എന്നത് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
* അപ്പീൽ സംവിധാനം: കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴകൾ പരിഷ്കരിക്കുകയും അപ്പീൽ നൽകാനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യും.
വ്യാപാര സൗകര്യം വർധിപ്പിക്കുന്നതിനും സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പരിഷ്കാരങ്ങൾ ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
