തിരുവനന്തപുരം: 2026 - 27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകം, യൂണിഫോം എന്നിവയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 13ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഈ വർഷത്തെ പരീക്ഷ കഴിയുന്നതിന് മുന്നേ തന്നെ അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി വിതരണത്തിന് എത്തിച്ചതായി മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 4:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളില്‍ വച്ച് വിതരണം ഉദ്ഘാടനം ചെയ്യും. പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ 2025 സെപ്തംബർ തന്നെ ആരംഭിച്ചിരുന്നു.
സ്റ്റോർ പർച്ചേയ്സ് മാനദണ്ഡം അനുസരിച്ച് പാഠ പുസ്തക അച്ചടി പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി സ്റ്റേഷണറി വകുപ്പിനെയും പാഠ പുസ്തക അച്ചടി കെബിപിഎസിനെയും ചുമതലപ്പെടുത്തുകയും പാഠ പുസ്തക അച്ചടിക്കായുള്ള പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി 111 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നതായി മന്ത്രി വ്യക്തമാക്കി.
സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പർ, രണ്ട് തരം കാർഡ് എന്നിവ കെബിപിഎസിന് വാങ്ങി നല്‍കാൻ ഇ-ടെണ്ടർ ക്ഷണിക്കുകയും പേപ്പർ ആൻ്റ് ബോർഡ് ലിമിറ്റിഡില്‍ നിന്നും പേപ്പറും തമിഴ്നാട് ന്യൂസ് പ്രിൻ്റ് ആൻ്റ് പേപ്പേഴ്സില്‍ നിന്നും കാർഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92 കോടി രൂപയുടെ പർച്ചേയ്സ് അനുമതി നല്‍കുകയും ചെയ്തു.
2026 - 27 അധ്യയന വർഷത്തേയ്ക്കുള്ള ഇൻഡൻ്റിങ് 2025 ഡിസംബർ ആദ്യവാരം തന്നെ പൂർത്തിയാക്കി ഡിസംബർ അവസാന വാരത്തോടെ കെബിപിഎസിന് അച്ചടി ഉത്തരവ് നല്‍കി. ഒന്നാം വാല്യത്തില്‍ 3.5 കോടി പാഠ പുസ്തകങ്ങളും രണ്ടാം വാല്യത്തില്‍ 1.9 കോടി പാഠ പുസ്തകങ്ങളും ഇൻഡൻ്റ് ചെയ്തിട്ടുണ്ട്.
2025-26 അധ്യയന വർഷം ഒന്നാം വാല്യത്തില്‍ 3.8 കോടി പാഠ പുസ്തകങ്ങളും രണ്ടാം വാല്യത്തില്‍ 2.16 കോടി പാഠ പുസ്തകങ്ങളുമാണ് ഇൻഡൻ്റ് ചെയ്തിരുന്നത്. 2026-27 അധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവില്‍ പൂർത്തീകരിച്ചിട്ടുണ്ട്.
68 ലക്ഷം പാഠ പുസ്തകങ്ങള്‍ അച്ചടി പൂർത്തിയായതില്‍ 51 ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി കെബിപിഎസ് വിവിധ ഹബ്ബുകളില്‍ എത്തിച്ചിട്ടുണ്ട്. കെബിപിഎസില്‍ നിലവില്‍ പ്രതിദിനം 3 ലക്ഷം പാഠ പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും കൈത്തറി വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും.
സംസ്ഥാനത്തെ സ്റ്റാൻഡ് എലോണ്‍ എല്‍പി, യുപി സർക്കാർ സ്കൂളുകളിലും, 1 മുതല്‍ 4 വരെയുള്ള എയ്ഡഡ് എല്‍പി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നല്‍കി വരുന്നു.
കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതല്‍ 8 വരെയുള്ള ഗവ ഹൈസ്കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും 1 മുതല്‍ 8 വരെയുള്ള എയ്ഡഡ് ഹൈസ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതല്‍ 5 വരെയുള്ള എയ്ഡഡ് എല്‍പി സ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കില്‍ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്‍കുന്നുണ്ട്.
ഈ രണ്ട് വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത സർക്കാർ ഹൈസ്കൂളുകളിലെ ബിപിഎല്‍ ആണ്‍കുട്ടികള്‍, എസ്‍സി/എസ്ടി കുട്ടികള്‍, മുഴുവൻ പെണ്‍കുട്ടികള്‍ എന്നീ വിഭാഗത്തിന് എസ്‌എസ്കെ യൂണിഫോം തുക നല്‍കുന്നു.
2026-27 അധ്യയന വര്‍ഷത്തെ കൈത്തറി യൂണിഫോം വിതരണത്തിനുള്ള കുട്ടികളുടെ വിവരങ്ങള്‍ കൈറ്റ് വെബ്‌സൈറ്റ് മുഖേന ലഭ്യമായത് പ്രകാരം 8,00,193 കുട്ടികള്‍ക്കാണ് വിതരണം ചെയ്യേണ്ടതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
