Zygo-Ad

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു; നടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

 


കോട്ടയം: പ്രശസ്ത സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ മാസം 24-ാം തീയതി രാത്രി എംസി റോഡിൽ കോട്ടയം നാട്ടകത്ത് വെച്ചായിരുന്നു അപകടം നടന്നത്.

മദ്യപിച്ച് അമിതവേഗത്തിൽ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ തങ്കരാജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കരാജ് ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരുമായും പൊലീസുമായും സിദ്ധാർത്ഥ് പ്രഭു വാക്കുതർക്കത്തിലേർപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സംഭവദിവസം തന്നെ ചിങ്ങവനം പൊലീസ് സിദ്ധാർത്ഥിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ വൈദ്യപരിശോധനയിൽ താരം മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ അപകടത്തിന് കേസെടുത്തിരുന്ന താരത്തിനെതിരെ, മരണം സംഭവിച്ച സാഹചര്യത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


വളരെ പുതിയ വളരെ പഴയ