കാഞ്ഞങ്ങാട്: 2.41 ഗ്രാം മെത്താഫിറ്റാമിനുമായി ബേക്കൽ പനയാൽ കരുവാക്കോട് സ്വദേശി മുഹമ്മദ് ദിൽഷാദിനെ (20) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാക്കം-കരുവാക്കോട്-തച്ചങ്ങാട് റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഹൊസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനയ്ക്കിടെ അക്രമാസക്തനായ പ്രതി ഒരു സിവിൽ എക്സൈസ് ഓഫീസറുടെ മൂക്ക് അടിച്ചുതകർത്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ വി.എ. അജൂബ്, കെ.വി. അനീഷ്, ടി. രാഹുൽ, ഡ്രൈവർ പി. രാജീവൻ, വനിത ഓഫീസർ പി. ശുഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
