Zygo-Ad

‘പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും’: ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിനെതിരെ കെ. സുധാകരനും വി.ഡി. സതീശനും


കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ കണ്ണൂർ മണ്ഡലത്തിൽ ജനവിധി തേടാൻ തയ്യാറാണെന്ന് കെ. സുധാകരൻ എംപി. ഇതോടൊപ്പം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സുധാകരനും രംഗത്തെത്തി.

കെ. സുധാകരന്റെ വാക്കുകൾ:

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെന്ന് സുധാകരൻ ആരോപിച്ചു. കേസ് അന്വേഷണം ഒട്ടും തൃപ്തികരമല്ല. കട്ടു എന്നത് പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്ന മനസ്സിന്റെ ഉടമയാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് അന്വേഷണത്തിൽ സർക്കാർ താല്പര്യം കാട്ടാത്തത്. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുന്നതിനെ താൻ ഭയക്കുന്നില്ലെന്നും സത്യം പുറത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശന്റെ ആരോപണങ്ങൾ:

സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായവർക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിന് ഭയമാണെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. അന്വേഷണം അട്ടിമറിക്കാൻ സിപിഎം പക്ഷപാതികളായ രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തിൽ (SIT) തിരുകിക്കയറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം അന്വേഷണ സംഘത്തിനുമേൽ ഉണ്ട്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും ഇവർ അടിച്ചുമാറ്റിയേനെ എന്നും സതീശൻ ആരോപിച്ചു.

മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ ചേർന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും, അവർ സ്വതന്ത്രനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും സതീശൻ കൂട്ടിിച്ചേർത്തു. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സ്വഭാവമാണ് ഇക്കാര്യത്തിലും കർണ്ണാടക വിഷയത്തിലും മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



വളരെ പുതിയ വളരെ പഴയ