Zygo-Ad

ഉന്നത വിദ്യാഭ്യാസ മേഖലയെ സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാക്കും: വി.ഡി സതീശൻ


തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ വരാൻ പോകുന്ന യുഡിഎഫ് സർക്കാർ ഉന്നത വിദ്യാഭ്യാസം മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധ്യാപക വിരുദ്ധ നിലപാടുകൾക്കെതിരെ ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെയും പെൻഷൻക്കാരെയും ഏറ്റവുമധികം അവഗണിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. 

ഉന്നത വിദ്യാഭ്യാസത്തെ അമിത രാഷ്ട്രീയവൽക്കരണത്തിലൂടെ തകർത്ത് തരിപ്പണമാക്കി എന്നും അദ്ദേഹം പ്രസ്താവിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ജി.സി.ടി.ഒ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. ജാഫർ സാദിഖ് പി. പി അധ്യക്ഷം വഹിച്ചു. 

 കഴിഞ്ഞ ഒരു പതിറ്റാണ്ട് കോളേജ് അധ്യാപകർക്ക് നഷ്ടങ്ങളുടേതാണ്. യു. ജി. സി ഏഴാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി അധ്യാപകർക്ക് കിട്ടേണ്ട 1500 കോടി രൂപയുടെ കുടിശിക അനിശ്ചിതത്വത്തിലാണ്. 

കൃത്യമായ റിപ്പോർട്ടുകളും പ്രൊപ്പോസലുകളും നിശ്ചിത സമയത്തിനുള്ളിൽ കേന്ദ്രത്തിന് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച ഉണ്ടായതു മൂലം വിഹിതം നൽകാൻ ആവില്ലെന്ന് നിലപാടാണ് കേന്ദ്രസർക്കാരിന്. കേന്ദ്രവും, സംസ്ഥാനവും പരസ്പരം പഴിചാരി അധ്യാപകരുടെ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്.

 ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മറ്റി നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനിമുതൽ കേരളത്തിൽ യു.ജി.സി പേ റിവിഷൻ നടപ്പിലാക്കൂ എന്ന ഉത്തരവിനെതിരെയും പ്രതിഷേധം ഉയർന്നു. 

യു.ജി.സി പേ സ്കെയിൽ സംസ്ഥാനത്തെ കോളേജ് അധ്യാപകർക്ക് നിഷേധിക്കുന്നതിന് വേണ്ടിയും അധ്യാപക സമൂഹത്തെ പാർശ്വവൽക്കരിക്കുന്നതിനു വേണ്ടിയുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുമാണ് ഈ നീക്കം എന്ന് അധ്യാപകർ ആശങ്കപ്പെടുന്നു. അധ്യാപക വിരുദ്ധമായ ഈ ഉത്തരവ് പിൻവലിക്കണമെന്നും സംഘടന വ്യക്തമാക്കി.

പി.ജി വെയിറ്റേജ് എടുത്തു കളഞ്ഞത് മൂലവും അധ്യാപക തസ്തിക നിലനിൽക്കാൻ 16 മണിക്കൂർ വ്യവസ്ഥ ചെയ്തത് മൂലവും 3000ത്തോളം തസ്തികകൾ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇല്ലാതായി. 

പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ വർഷങ്ങളായി കാത്തിരിപ്പിലാണ്. പല റാങ്ക് പട്ടികകളുടെയും കാലാവധി ഇതിനോടകം അവസാനിച്ചു. പല വിഷയങ്ങളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുമുണ്ട്. 

ജോലി ഭാരത്തിനനുസരിച്ച് തസ്തികകൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള തസ്തികകൾ ഇല്ലാതാക്കുകയും, പുനർവിന്യസിക്കുകയും ചെയ്യുന്ന നടപടിയിലാണ് ഇപ്പോൾ നടക്കുന്നത്.

 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം സ്‌തംഭിച്ചിട്ട് വർഷങ്ങളായി. ഇൻ ചാർജ് ഭരണം മൂലം പല കലാലയങ്ങളിലും ഇടതുപക്ഷ അധ്യാപക വിദ്യാർത്ഥി സംഘടനകളുടെ സമാന്തര ഭരണമാണ്. ട്രിബ്യൂണൽ വിധേയത്തുടർന്ന് നിയമനപ്രക്രിയ പുനരാരംഭിച്ചു എങ്കിലും അത് പൂർത്തിയാക്കിയില്ല.

 അധ്യാപക വിരുദ്ധമായ എല്ലാ ഉത്തരവുകളും ഉടൻ പിൻവലിക്കണമെന്നും എത്രയും വേഗം അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും, സംഘടന ആവശ്യപ്പെട്ടു. 

ഡോ. എബിൻ റ്റി മാത്യൂസ്, മണക്കാട് സുരേഷ്, ശ്രീ കെ എസ് ഗോപകുമാർ,ജെ.എസ് അഖിൽ, ചവറ ജയകുമാർ, ബി ഗോപകുമാർ, നിസാമുദ്ദീൻ എ, പ്രൊഫ. ഡോ. എബ്രഹാം എ, നിതിൻ പ്രസാദ്, രെജിത്ത് ആർ. എൽ, പ്രൊഫ. ഗ്ലാഡ്സ്റ്റൺ രാജ്, പ്രൊഫ. ബിനു സി കുര്യൻ, പ്രൊഫ ബിജുലോന, ശ്രീമതി രമ, പ്രൊഫ ലിയാഖത് അലി, ഡോ മുഹമ്മദ്‌ അഷ്ഫാസ്, ഡോ. ഷിനിൽ ജെയിംസ്, ഡോ. ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ