കോഴിക്കോട്: അവസാന നിമിഷം വരെ പൊരുതിയ പോലീസ് സംഘം മരണത്തിന്റെ വക്കിലായിരുന്ന യുവാവിനെ ജീവിതത്തിലേക്ക് ജീവിതത്തിലേക്ക് തിരികെക്കയറ്റി. പ്രണയനൈരാശ്യത്തെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെയാണ് നടക്കാവ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തിയത്.
തുമ്പായത് ഒരു ഫോൺ കോൾ
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ നിന്ന് നടക്കാവ് എ.എസ്.ഐ പി. സുനീഷിന് സന്ദേശം ലഭിക്കുന്നത്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാനില്ലെന്നും അവസാന ടവർ ലൊക്കേഷൻ നടക്കാവ് സ്റ്റേഷൻ പരിധിയിലാണെന്നുമായിരുന്നു വിവരം. ഫോട്ടോയും ഫോൺ നമ്പറും കൈമാറിയതിന് പിന്നാലെ പോലീസ് സംഘം രംഗത്തിറങ്ങി.
അഞ്ചു കിലോമീറ്റർ നീണ്ട കാൽനട തിരച്ചിൽ
എരഞ്ഞിപ്പാലം, ശാസ്ത്രിനഗർ മേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ജനസാന്ദ്രതയേറിയ ഈ സ്ഥലത്ത് ഒട്ടേറെ ഹോട്ടലുകളും ഹോസ്റ്റലുകളുമുണ്ട്. എ.എസ്.ഐ പി. സുനീഷ്, സി.പി.ഒ എൻ. നിഷോബ്, ഡ്രൈവർ എം. മുഹമ്മദ് ജിഷാദ് എന്നിവർ വാഹനം പോകാൻ കഴിയാത്ത ഇടവഴികളിലൂടെ പോലും കാൽനടയായി തിരച്ചിൽ നടത്തി. ഇടയ്ക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സംഘം രക്ഷപ്പെട്ടത്.
നാടകീയമായ നിമിഷങ്ങൾ
തിരച്ചിൽ അഞ്ച് കിലോമീറ്റർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. തോറ്റുകൊടുക്കാൻ തയ്യാറാവാത്ത പോലീസ് സംഘം രണ്ടാമതും പരിശോധന തുടരാൻ തീരുമാനിച്ചു. ഒടുവിൽ കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ വെച്ച് യുവാവിനെ തിരിച്ചറിഞ്ഞു. മൂന്നാം നിലയിലെ മുറിയിൽ എത്തിയ പോലീസ് വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. സ്പെയർ കീ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്നും കുറ്റിയിട്ടിരുന്നു.
കീഹോളിലൂടെ നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു; ബെഡിന് മുകളിൽ കയറി ഫാനിൽ കസവുമുണ്ടുകൊണ്ട് കുരുക്കിടുന്ന യുവാവ്! ഒട്ടും വൈകാതെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പോലീസുകാർ യുവാവിനെ ചേർത്തുപിടിച്ചു.
ജീവിതത്തിലേക്ക് മടക്കം
പ്രണയനൈരാശ്യം കാരണം ജീവിതം അവസാനിപ്പിക്കാൻ തയ്യാറെടുത്ത യുവാവിനെ ആശ്വാസവാക്കുകൾ നൽകി പോലീസ് സംഘം ശാന്തനാക്കി. തുടർന്ന് സ്റ്റേഷനിലെത്തിച്ച ശേഷം ബന്ധുക്കളെ വിവരമറിയിച്ചു. "ജീവിതം ഇനിയുമുണ്ട്, ആസ്വദിക്കാനുള്ളതാണ്" എന്ന ഉപദേശത്തോടെ മാതാപിതാക്കൾക്കൊപ്പം യുവാവിനെ യാത്രയാക്കി.
