പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം. സ്വാമി അയ്യപ്പൻ റോഡിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. കുട്ടികൾ രണ്ട് പേർ ഉൾപ്പെടെ ആകെ 9 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ മൂന്ന് പേർ മലയാളികളാണ്. നാല് പേർ ആന്ധ്രാപ്രദേശ് സ്വദേശികളും രണ്ട് പേർ തമിഴ്നാട് സ്വദേശികളുമാണ്. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മാലിന്യം കൊണ്ടുപോകുകയായിരുന്ന ട്രാക്ടറാണ് അപകടത്തിന് കാരണമായത്. കനത്ത മഴയെ തുടർന്ന് കുത്തനെയുള്ള വഴിയിൽ വാഹനം നിയന്ത്രണം വിട്ടതോടെയാണ് ട്രാക്ടർ ഭക്തർക്കിടയിലേക്ക് കയറിയത്. വഴുക്കലുള്ള റോഡും അപകടത്തിന് കാരണമായി.
സംഭവസമയത്ത് സന്നിധാനത്ത് തിരക്ക് കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ട്രാക്ടർ ഡ്രൈവറെ സന്നിധാനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
/
