മലപ്പുറം: കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ സംഭവിച്ച അപ്രതീക്ഷിത അപകടം നാടിനെ നടുക്കി.
തിങ്കളാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അസ്‌ലം, അബദ്ധത്തിൽ മണ്ണ് വാരി വായിലിടുന്നതിനിടെ അതിലുണ്ടായിരുന്ന ചെറിയ കല്ല് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ജീവൻ നഷ്ടപെട്ടു
