ന്യൂഡൽഹി: യാത്രക്കാരെ ദുരിതത്തിലാക്കിയ തുടർച്ചയായ വിമാന പ്രതിസന്ധികൾക്ക് പിന്നാലെ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ കർശന നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. കമ്പനിയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള നിർദേശം പ്രാബല്യത്തിൽ വന്നു. ഇതോടെ ഡിസംബർ ആദ്യം നിശ്ചയിച്ചിരുന്ന 2008 സർവീസുകൾ 1879 ആയി ചുരുങ്ങി.
ബെംഗളൂരുവിൽ നിന്നുള്ള സർവീസുകളെയാണ് ഈ നടപടി ഏറ്റവും കൂടുതൽ ബാധിച്ചത്; ഇവിടെ നിന്ന് മാത്രം 52 സർവീസുകൾ റദ്ദാക്കി. നിലവിൽ ദൈർഘ്യം കുറഞ്ഞ സർവീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇൻഡിഗോയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ഡി.ജി.സി.എ (DGCA) സമർപ്പിച്ച റിപ്പോർട്ടിൽ സൂചനയുണ്ട്. വിമാനക്കമ്പനിയുടെ സി.ഇ.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കമ്പനിക്ക് കനത്ത പിഴ ചുമത്താനും റിപ്പോർട്ടിൽ ശുപാർശയുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ടിന്മേലുള്ള കൂടുതൽ കർശനമായ തുടർനടപടികൾ വൈകാതെ ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
