വിശാഖപട്ടണം: ടാറ്റ നഗർ-എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 12.45-ഓടെ ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലുള്ള യാലമൻചിലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. അപകടത്തിൽ ആന്ധ്ര സ്വദേശിയായ ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത്.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ബി1, എം2 കോച്ചുകളിലെ യാത്രക്കാരെ റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് ഒഴിപ്പിച്ചു. ബി1 കോച്ചിൽ 82 യാത്രക്കാരും എം2 കോച്ചിൽ 76 യാത്രക്കാരുമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ഒഴിപ്പിക്കൽ നടപടികൾക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്.
അപകടത്തെത്തുടർന്ന് വേർപ്പെടുത്തിയ കോച്ചുകളിലെ യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി റെയിൽവേ അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ രണ്ട് ഫൊറൻസിക് സംഘങ്ങൾ വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
