ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ വിമാനങ്ങളിലേതിന് സമാനമായി ലഗേജ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ദീർഘദൂര ട്രെയിനുകളുടെ നിരക്ക് വർധനയ്ക്ക് പിന്നാലെയാണ് ലഗേജിന്റെ ഭാരത്തിന് അനുസരിച്ച് അധിക ചാർജ് ഈടാക്കാനുള്ള തീരുമാനം വരുന്നത്. അമിതമായി ലഗേജ് കൊണ്ടുപോകുന്നത് സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഈ നടപടി.
ഓരോ ക്ലാസിലും അനുവദനീയമായ ലഗേജ് പരിധി താഴെ പറയുന്ന പ്രകാരമാണ്:
* എസി ഫസ്റ്റ് ക്ലാസ്: 70 കിലോ വരെ സൗജന്യം. ചാർജ് നൽകി പരമാവധി 150 കിലോ വരെ കൊണ്ടുപോകാം.
* ഫസ്റ്റ് ക്ലാസ് & എസി 2 ടയർ: 50 കിലോ വരെ സൗജന്യം. പരമാവധി 100 കിലോ വരെ അനുവാദം.
* സ്ലീപ്പർ ക്ലാസ്: 40 കിലോ വരെ സൗജന്യം. പരമാവധി 80 കിലോ വരെ കൊണ്ടുപോകാം.
* എസി 3 ടയർ / ചെയർ കാർ: പരമാവധി 40 കിലോ വരെയാണ് അനുവദനീയമായ സൗജന്യ പരിധി.
* സെക്കൻഡ് ക്ലാസ്: 35 കിലോ വരെ സൗജന്യം. ചാർജ് നൽകി 70 കിലോ വരെ കൊണ്ടുപോകാം.
അനുവദനീയമായ പരിധിയിൽ കൂടുതൽ ലഗേജ് ഉള്ളവർ ഇനി മുതൽ റെയിൽവേയിൽ അധിക തുക നൽകേണ്ടി വരും. നിശ്ചിത ഭാരത്തിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ അത് പാർസൽ ഓഫീസിൽ ബുക്ക് ചെയ്യണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
