തിരുവനന്തപുരം: ശബരിമലയിൽ തീർഥാടകർക്ക് ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ നൽകുന്ന രീതിയിലായിരിക്കും അന്നദാനം.
അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി ദേവസ്വം കമ്മീഷണറെ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം ചുമതലപ്പെടുത്തി. നിലവിലുള്ള ടെൻഡറിനുള്ളിൽത്തന്നെ സാധനങ്ങൾ വാങ്ങുന്നതിനാൽ നിയമപരമായ പ്രശ്നങ്ങളില്ലെന്നും, അന്നദാന ഫണ്ടിൽ ഒമ്പത് കോടി രൂപയുടെ കരുതൽ ധനമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
സദ്യയുടെ വിശദാംശങ്ങൾ
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ കുറഞ്ഞത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന കേരള സദ്യയാണ് നൽകുക. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന സദ്യ വിതരണം മൂന്ന് മണി വരെ തുടരും. സദ്യ വിളമ്പുന്നതിനായി സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളുമായിരിക്കും ഉപയോഗിക്കുക.
ഡിസംബർ രണ്ടിന് കേരള സദ്യ നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു. നിയമപരമായ പ്രശ്നങ്ങൾ പഠിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ദേവസ്വം ബോർഡ് യോഗം അന്തിമ തീരുമാനമെടുത്തത്.
