Zygo-Ad

ദുരന്തം ഒഴിവാക്കി വിയ്യൂർ പൊലീസ്; ആത്മഹത്യശ്രമത്തിൽനിന്നും യുവതിയെ രക്ഷപ്പെടുത്തി

 


തൃശൂർ: അമ്മയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മകൾ പൊലീസിനെ സമീപിച്ച വേഗത്തിലുള്ള ഇടപെടൽ ഒരു വലിയ ദുരന്തം ഒഴിവാക്കി. “സാർ, വേഗം വീട്ടിലേക്ക് വരണം… അമ്മ മുറിക്കുള്ളിൽ പൂട്ടി. എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നു” — എന്നാണ് പെൺകുട്ടി വെള്ളിയാഴ്ച രാവിലെ വിയ്യൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.

സ്റ്റേഷനിൽ പരേഡ് ഒരുക്കത്തിലായിരുന്ന പൊലീസുകാർ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ പെരിഞ്ഞാവിലെ വീട്ടിലേക്ക് ജീപ്പിൽ പാഞ്ഞെത്തി. യാത്രയ്ക്കിടെ പെൺകുട്ടിയിൽ നിന്ന് കൃത്യമായ ലൊക്കേഷൻ ശേഖരിക്കുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്തു.

വീട് എത്തിയപ്പോൾ പ്രായമായ മാതാപിതാക്കളും കുട്ടിയും വിഷമത്തോടെ നിൽക്കുന്ന അവസ്ഥ. മുറിയുടെ വാതിലിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ കാണുന്നുണ്ടായിരുന്നു. മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വാതിൽ തകർത്ത് പൊലീസുകാർ അകത്തുകയറി.

മുറിക്കുള്ളിലെ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു — ഷാളിൽ തൂങ്ങി ജീവൻ ഒടുക്കിക്കാൻ ശ്രമിച്ച സ്ത്രീ. സബ് ഇൻസ്പെക്ടർ ജിനു കുമാറും സീനിയർ സി.പി.ഒ. നിഷിയും ചേർന്ന് സ്ത്രീയെ ഉയർത്തിപ്പിടിക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എ.വി. സജീവ് ഷാൾ മുറിച്ച് താഴെയിറക്കി. ഉടൻ പൊലീസ് ജീപ്പിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മൂന്നു മണിക്കൂറിനുശേഷം സ്ത്രീ അപകടനില തരണം ചെയ്തു. ശരിയായ സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത് എന്നതാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് സൂചന.

ആത്മഹത്യാശങ്കയുള്ളവർ ദിശ ഹെൽപ്പ് ലൈൻ (1056) ഉം ടെലി മനസ് ഹെൽപ് ലൈൻ (14416) ഉം ബന്ധപ്പെടണമെന്ന് പൊലീസ് നിർദേശിച്ചു.

വളരെ പുതിയ വളരെ പഴയ