തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മത്സരാർത്ഥികൾക്ക് അനുവദനീയമായ ചെലവിന് കർശന നിയന്ത്രണം. നിശ്ചിത പരിധി ലംഘിക്കുകയോ ശരിയായ ചെലവ് കണക്ക് സമർപ്പിക്കാതിരിക്കുകയോ ചെയ്താൽ സ്ഥാനാർത്ഥികളെ അഞ്ച് വർഷത്തേക്ക് മത്സരിക്കാനാകാത്തവിധം അയോഗ്യരാക്കാനാണ് കമ്മീഷൻ നിർദേശം.
പഞ്ചായത്തിൽ മത്സരിക്കുന്നവർക്ക് പരമാവധി ₹25,000, ബ്ലോക്ക് പഞ്ചായത്തിൽ ₹75,000, ജില്ലാ പഞ്ചായത്തിൽ ₹1,50,000, മുനിസിപ്പാലിറ്റിയിൽ ₹75,000, കോർപ്പറേഷനിൽ ₹1,50,000 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ചെലവിനുള്ള പരമാവധി പരിധി. സ്ഥാനാർഥിയുടേയോ തെരഞ്ഞെടുപ്പ് ഏജന്റിൻ്റേയോ ചെലവുകൾ ഇതിൽ ഉൾപ്പെടും.
ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനകം ചെലവ് കണക്കുകൾ അതത് സ്ഥാപനത്തിന്റെ സെക്രട്ടറിക്ക് സമർപ്പിക്കണം. www.sec.kerala.gov.in വെബ്‌സൈറ്റ് വഴി ലോഗിൻ ചെയ്ത് Election Expenditure മോഡ്യൂളിലൂടെ ഓൺലൈനായും കണക്ക് സമർപ്പിക്കാം.
നാമനിർദ്ദേശ ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെ വരുന്ന മുഴുവൻ ചെലവും കണക്കിൽ ഉൾപ്പെടുത്തണം. ചെലവുകൾ സംബന്ധിച്ച രസീത്, വൗച്ചർ, ബില്ല് തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണമെന്നും ഒറിജിനലുകൾ പരിശോധനയ്ക്കായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
ചെലവ് കണക്കിൽ വീഴ്ചവരുത്തിയാലോ നിശ്ചിത പരിധിയിലധികം ചെലവഴിച്ചാലോ തെറ്റായ വിവരം നൽകിയതായി കണ്ടെത്തിയാലോ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർത്ഥിയെ അഞ്ചു വർഷത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിൽനിന്ന് അയോഗ്യനാക്കും.
