ബേവിഞ്ച: ദേശീയപാത നിർമാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ ബേവിഞ്ചയിലെ ഒരു കുടുംബം ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘർഷഭരിതമായ അന്തരീക്ഷം രൂപപ്പെട്ടു.
നഷ്ടപരിഹാരം തൃപ്തികരമായി ലഭിക്കാതെയാണ് തങ്ങളുടെ വീട് പൊളിക്കാൻ ദേശീയപാത അതോറിറ്റി ശ്രമിക്കുന്നതെന്നതാണ് കുടുംബത്തിന്റെ ഗുരുതരമായ ആരോപണം. വീടിന് മുകളിൽ ഗ്യാസ് സിലിണ്ടറുമായി പ്രതിഷേധം ശക്തമാക്കിയതോടെ ജനങ്ങൾ കൂടി വന്നു.
പര്യാപ്തമായ നഷ്ടപരിഹാരവും പുനരധിവസസൗകര്യവും ലഭിക്കാതെ വീടുതകർക്കാനാവില്ലെന്ന നിലപാടിലാണ് കുടുംബം. സംഭവത്തെ തുടർന്ന് പ്രദേശവാസികളും രാഷ്ട്രീയ പ്രവർത്തകരും ഇടപെട്ടു.
സ്ഥിതിഗതികൾ വിലയിരുത്താൻ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ സ്ഥലത്തെത്തി. കുടുംബവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ദേശീയപാത അതോറിറ്റിയുമായി കൂടുതൽ സംസാരിക്കുമെന്നും പ്രശ്നം പരിഹരിക്കുന്നതുവരെ വീടുതകർക്കില്ലെന്നും എം.എൽ.എ ഉറപ്പുനൽകി.
കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഇന്നത്തെ ദിവസം വീടുതകർക്കാനുള്ള നടപടി ഉണ്ടാകില്ലെന്നും, ചർച്ചകൾക്ക് ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കൂവെന്നും അതോറിറ്റി അറിയിച്ചു.
