Zygo-Ad

11 വയസ്സുള്ള മകളെ ലൈം​ഗികമായി പീഡിപ്പിച്ചു: പിതാവിന് 178 വര്‍ഷം കഠിന തടവ്, 10.75 ലക്ഷം രൂപ പിഴ


 മലപ്പുറം: പതിനൊന്നു വയസ്സുള്ള ലൈം​ഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ അരീക്കോട് സ്വദേശി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവു ശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.

2022ലും 2023ലുമായി 40 കാരനായ പിതാവ് മൂന്നു തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് മകളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴത്തുക അതിജീവിതക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവും അനുഭവിക്കണം. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ