പത്തനംതിട്ട: ശബരിമല മണ്ഡല - മകല വിളക്ക് തീര്‍ത്ഥാടത്തില്‍ ഇത്തവണ വന്‍ ഭക്തജന തിരക്ക്. സീസണിലെ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് 3.28 ലക്ഷം തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് ഉള്‍പ്പെടെയുള്ള കണക്കുകളിലാണ് ഈ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
16ന് വൈകിട്ട് അഞ്ചിന് തുറന്നശേഷം 53,278 പേരും 17ന് 98,915 പേരും 18ന് 1,12,056 പേരും ദര്‍ശനം കഴിഞ്ഞ് മടങ്ങി. 19ന് വൈകിട്ട് 6 വരെ 64,574 പേരും സന്നിധാനത്തെത്തി. കഴിഞ്ഞ സീസണില്‍ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് രണ്ട് ലക്ഷത്തോളം ഭക്തരായിരുന്നു. ഇക്കാലയളവില്‍ ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോള്‍ ആണ് തീര്‍ത്ഥാടകരുടെ എണ്ണം ലക്ഷം കവിഞ്ഞത്.
മണ്ഡലപൂജയ്ക്ക് നട തുറന്നശേഷം ശബരിമലയില്‍ ഉണ്ടായ വന്‍ ഭക്തജനത്തിരക്ക് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ഹൈക്കോടതി ഉള്‍പ്പെടെ ഈ വിഷയത്തില്‍ കര്‍ശന നിലപാട് എടുക്കുന്ന നിലയുണ്ടാവുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ശബരിമലയിലെ തിരക്ക് സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ഇന്നലെ മാത്രം പതിനാലായിരത്തോളം സ്‌പോട്ട് ബുക്കിങ്ങ് ആണ് അനുവദിച്ചത്. ഇതാണ് അയ്യായിരത്തിലേക്ക് കുറച്ചത്. ബുക്ക് ചെയ്ത് ദിവനത്തിന് പകമായി നേരത്തെ എത്തിയവരും ആദ്യ ദിനങ്ങളില്‍ ദര്‍ശനത്തിന് എത്തിയതും തിരക്ക് വര്‍ധിപ്പിച്ചു.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിലവില്‍ 20,000 ഉള്ള സ്പോട്ട് ബുക്കിങ് 5000 ആക്കി കുറയ്ക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ നിയന്ത്രണം നടപ്പാക്കണം എന്നാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. കാനനപാതവഴി വരുന്നവരെയും നിയന്ത്രിക്കണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു.
