തിരുവനന്തപുരം: ഏതിന്റെ പേരിലാക്കെയാണോ നാം ഇന്ന് അഭിമാനിക്കുന്നത് , അതിന്റെയെല്ലാം നേരവകാശിയായിരുന്നു സൂര്യ ശോഭയോടെ ഇന്നും പ്രകാശം ചൊരിയുന്ന വാഗ്ഭടാനന്ദ ഗുരുവെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു.
അദ്വൈതം പോലുള്ള ഗഹനമായ ദർശനങ്ങളെ സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്ത മഹാഗുരുക്കന്മാരാണ് ശ്രീനാരായണ ഗുരുവും, വാഗ്ഭടാനന്ദ ഗുരുവും. ഇരുവരും എല്ലാറ്റിനും മുകളിൽ മാനുഷികതയെ പ്രതിഷ്ഠിച്ചവരായിരുന്നു. നിന്നിൽ തന്നെയാണ് ഈശ്വര ചൈതന്യമെന്ന് ഇരുവരും ഉദ്ബോധിപ്പിച്ചു.
കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പ്, പെമ്പഴന്തി ശ്രീനാരായണ അന്തർ ദേശീയ പഠന- തീർത്ഥാടന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഗ്ഭടീയം - 2025 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓർമ്മദിനത്തോടനുബന്ധിച്ച് നൽകപ്പെടുന്ന വാഗ് ഭടാനന്ദ ഗുരു ആത്മവിദ്യാ പുരസ്ക്കാരങ്ങൾ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, പ്രശസ്ത മോഹിനിയാട്ട നർത്തകി മണിമേഘല ടീച്ചറും ഏറ്റുവാങ്ങി.
തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മുൻ സ്പീക്കർ എം.വിജയ കുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എയാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്.
വാഗ് ഭടാനന്ദന്റെ ചിന്തയും അന്വേഷണവും ഗുരുവിനോടൊപ്പം വാഗ്ഭടൻ-അനുസ്മരണം, എഴുത്ത്കൂട്ടം, കവിയരങ്ങ്, സാംസ്ക്കാരികക്കൂട്ടം, വിദ്യാർത്ഥി വട്ടം, ആദരായണം എന്നി പരിപാടികളുമുണ്ടായി.
ഡോ: ഷാജി പ്രഭാകരൻ, ഡോ. കായംകുളം യൂനുസ്, റാണി മോഹൻദാസ്, ഡോ:എസ്.ഡി. അനിൽകുമാർ, ധനുവച്ചപുരം സുകുമാരൻ, ഡോ.എൻ കൃഷ്ണകുമാർ, ഡോ.വി രവിരാമൻ, പ്രൊഫ: എസ്. ശിശുപാൽ,ഡോ. പ്രമോദ് പയ്യന്നൂർ സംസാരിച്ചു.
ചിത്ര വിവരണം: ചാലക്കര പുരുഷു, മണിമേഘല ടീച്ചർ എന്നിവർക്ക് വാഗ്ഭടാനന്ദ പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നു.

