Zygo-Ad

ആഭരണ പ്രേമികൾക്ക് ആശ്വാസം: സ്വര്‍ണവില ഇന്നും കുറഞ്ഞു;ഇന്നത്തെ പവന്‍ വില


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള വിപണിയില്‍ വില കുറഞ്ഞു വരുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ കുറേ ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് അല്‍പ്പം മുന്നേറിയത്. ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര ധാരണയുണ്ടാക്കുമെന്ന വിവരം വിപണിക്ക് ആശ്വാസം നല്‍കുന്നു.

അതേ സമയം, ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയാകാത്തത് തിരിച്ചടിയാണ്. അമേരിക്കയുടെ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണമുണ്ട്. ഇത് സ്വര്‍ണവില ഉയരാന്‍ കാരണമാകുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകളോടെ ചാഞ്ചാടാനാണ് സാധ്യത. ഇന്ന് വില കുറഞ്ഞത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമായി.

കേരളത്തില്‍ ഇന്ന് 840 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. 91280 രൂപയാണ് ഇന്നത്തെ വില. നേരിയ ചാഞ്ചാട്ടത്തോടെ ഈ ആഴ്ച വില മുന്നോട്ട് പോകും. ഒരുപക്ഷേ, 90000ത്തിന് താഴേക്കു വരുമെന്നും പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ഡോളര്‍ കാര്യമായ മുന്നേറ്റം നടത്തുന്നില്ല. ഡോളര്‍ മുന്നേറ്റം നടത്തിയാല്‍ സ്വര്‍ണവില കുറയും.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് 105 രൂപ കുറഞ്ഞ് 11410 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 9385 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7305 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4720 രൂപയായി. വെള്ളിയുടെ വിലയില്‍ 5 രൂപയുടെ കുറവ് വന്നു. ഗ്രാമിന് ഇന്നത്തെ വില 160 രൂപയിലെത്തി.

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും വ്യാപാര തര്‍ക്കം ഒഴിവാക്കുന്നത് വിപണിക്ക് വലിയ തോതില്‍ ഉണര്‍വ് നല്‍കും. 

റഷ്യയുടെ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇന്ത്യയുമായി നിലനില്‍ക്കുന്നത്. റഷ്യയുടെ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ട് എന്നാണ് അമേരിക്കയുടെ ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല.

രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സ് വില 4072 ഡോളറാണ്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം. നേരത്തെ 4120 ഡോളര്‍ വരെ എത്തിയ ശേഷം ഇടിയുകയായിരുന്നു. 4000 ഡോളറില്‍ താഴേക്ക് ഔണ്‍സ് വില എത്തിയാല്‍ കേരളത്തില്‍ 90000ത്തില്‍ നിന്ന് സ്വര്‍ണവില താഴേക്ക് വീഴും. ഇക്കാര്യത്തില്‍ വിപണി നിരീക്ഷകര്‍ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

ഈ മാസം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 97360 രൂപയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 6080 രൂപയുടെ കുറവുണ്ട്. ഏറ്റവും വില കൂടിയ ഘട്ടത്തില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് വിഷമം തരുന്ന കണക്കാണിത്. അതേ സമയം, ഇനിയും വില കുറയട്ടെ എന്ന് കാത്തിരിക്കുന്നവരും നിരവധിയാണ്.

വളരെ പുതിയ വളരെ പഴയ