ന്യൂഡല്‍ഹി: ഇനി മുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളുടെ അവകാശികളായി നാലു പേരെ ചേർക്കാൻ സാധിക്കും.
നിക്ഷേപകർക്ക് പണം തിരികെ നല്‍കുന്നതിലെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. 2025ല്‍ ഭേദഗതി ചെയ്‌ത ബാങ്ക് നിയമങ്ങള്‍ പ്രകാരം, അവകാശികളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ 2025 നവംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഏപ്രില്‍ 15നാണ് ഭേദഗതി ചെയ്ത ബാങ്കിംഗ് നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തില്‍ അഞ്ച് നിയമ നിർമ്മാണങ്ങളിലായി ആകെ 19 ഭേദഗതികള്‍ അടങ്ങിയിട്ടുണ്ട്.
നിക്ഷേപകർക്ക് അവരുടെ ഇഷ്ടാനുസരണം അക്കൗണ്ട് തുടങ്ങുന്ന സമയത്തോ പിന്നീടോ അവകാശികളുടെ പേര് ചേർക്കാമെന്ന് ഇതില്‍ പറയുന്നു. അതുവഴി നിക്ഷേപകർക്കും അവരുടെ അവകാശികള്‍ക്കും അക്കൗണ്ടുകളിലെ പണം തിരികെ ലഭിക്കുന്നത് എളുപ്പമാക്കുന്നു.
ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്‌തുക്കള്‍ക്ക് അവകാശികളായും നാലു പേരെ ചേർക്കാനാകും. ആദ്യം ചേർത്ത അവകാശിയുടെ മരണ ശേഷം മാത്രമേ അടുത്ത അവകാശി പ്രാബല്യത്തില്‍ വരികയുള്ളൂ,
നിക്ഷേപകർക്ക് നാല് പേരു വരെ നാമനിർദ്ദേശം ചെയ്യാനും ഓരോരുത്തർക്കും അവകാശത്തിന്റെ എത്ര വിഹിതം നല്‍കണമെന്ന് വ്യക്തമാക്കാനും കഴിയുന്നു.
ബാങ്കിംഗ് മേഖലയിലെ ഭരണ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക, നിക്ഷേപകരുടെയും അവകാശികളുടെയും സംരക്ഷണം വർദ്ധിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റ് ഗുണനിലവാരം മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട നാമനിർദ്ദേശ സൗകര്യങ്ങളിലൂടെ ഉപഭോക്തൃ സൗകര്യം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് 2025ല്‍ ഭേദഗതി ചെയ്ത ബാങ്കിംഗ് നിയമം ലക്ഷ്യമിടുന്നത്.