തിരുവനന്തപുരം: വിവിധ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാകുന്ന വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചു. 400 രൂപ വര്‍ധിപ്പിച്ചാണ് 1600ല്‍ നിന്നാണ് 2000 ആയി ഉയര്‍ത്തിയത്.നവംബർ മാസം തന്നെ ഇത് വിതരണം ചെയ്യും.
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വന്‍ പദ്ധതികള്‍ നടപ്പാക്കും. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്ത സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.
പ്രതിമാസം 1000 രൂപ വീതം സുരക്ഷാ പെന്‍ഷന്‍ നല്‍കും. 33 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. നെല്ലിന്റെ സംഭരണ വില ഉയര്‍ത്തി. അങ്കണ്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയവും 1000 ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.
റബറിന്റെ താങ്ങുവില 200 രൂപയാക്കി. ഡി എ/ഡി ആര്‍ കുടിശ്ശിക ഒരു ഗഡു കൂടി നല്‍കും. നവം: ഒന്നു മുതല്‍ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കും. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുടുംബ എഡിഎസുകള്‍ക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂട്ടി.
