കൊല്ലം:മകളുടെ വിവാഹത്തിന് വ്യത്യസ്‌തമായ രീതിയിൽ കല്യാണക്കുറി ഒരുക്കി ആധാരമെഴുത്തുകാരനായ കെ. രാജേന്ദ്രൻ. 100 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയതാണ് ഈ വ്യത്യസ്‌തമായ വിവാഹ ക്ഷണക്കത്ത്. സർക്കാർ മുദ്രകളെല്ലാം ഒഴിവാക്കി, വിവാഹിതരാകാൻ പോകുന്ന മകൾ ഇന്ദുവിന്റെയും വരൻ ഹരീഷ് കുട്ടികൃഷ്ണന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയതാണ് പ്രത്യേകത.
വർഷങ്ങളായി ആധാരമെഴുത്തുകാരനായ രാജേന്ദ്രൻ തന്റെ തൊഴിൽജീവിതത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് മകളുടെ കല്യാണക്കുറി രൂപകൽപ്പന ചെയ്തത്. “ഞാൻ ഇത്രയും കാലം ചെയ്തുവന്നിരുന്ന ജോലിയോടുള്ള സ്നേഹവും അഭിമാനവും തന്നെയാണ് ഇതിന് പ്രചോദനമായത്,” എന്ന് രാജേന്ദ്രൻ പറയുന്നു.
കരുനാഗപ്പള്ളി, മാവേലിക്കര, കാർത്തികപ്പള്ളി പ്രദേശങ്ങളിലെ നിരവധി പേര്ക്ക് രാജേന്ദ്രന്റെ കൈപ്പട സുപരിചിതമാണ്. “സ്വന്തം കൈപ്പടയിൽ മകളുടെ വിവാഹ ക്ഷണക്കത്ത് എഴുതാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്,” എന്നും രാജേന്ദ്രൻ അഭിമാനത്തോടെ പറഞ്ഞു.
