Zygo-Ad

പുതിയ മാറ്റവുമായി റെയിൽവേ:ട്രെയിൻ യാത്രയിൽ എസി കോച്ചുകളില്‍ ഇനി വെള്ള ബെഡ് ഷീറ്റില്ല


എസി കോച്ചുകളിൽ യാത്രികർക്ക് നൽകുന്ന വെള്ള കമ്പിളി പുതപ്പുകൾക്ക് വൃത്തിയില്ലെന്ന പരാതിക്ക് പരിഹാരം കാണാനൊരുങ്ങി റെയിൽവേ. 

വെള്ള കമ്പിളി പുതപ്പുകൾക്ക് സാൻഗനേരി പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകൾ നൽകുന്ന പദ്ധതി ജയ്‌പൂർ- അസർവ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് ആരംഭിച്ചത്. ജയ്‌പൂരിലെ ഖാതിപുര റെയിൽവേ സ്‌റ്റേഷനിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

രാജസ്‌ഥാനിലെ പരമ്പരാഗത കൈത്തറിയായ സാൻഗനേരിയിൽ നിന്നുള്ള പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകളാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. 

വെള്ള പുതപ്പുകൾ മാറ്റണമെന്ന ഏറെക്കാലമായുള്ള നിരവധി യാത്രികരുടെ ആവശ്യമാണ് കഴുകാൻ സാധിക്കുന്ന പുതിയ പ്രിന്റ്ഡ് ബ്ലാങ്കറ്റ് കവറുകളുടെ വരവോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. 

എസി കോച്ചുകളിലെ യാത്രികർക്ക് നൽകുന്ന പുതപ്പുകൾ പലപ്പോഴും വൃത്തിയില്ലാത്തവയാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇതിനെതിരായ പരാതികൾ വർധിച്ചതോടെയാണ് നടപടിക്ക് റെയിൽവേ തീരുമാനിച്ചത്.

ദീർഘകാലം ഉപയോഗിക്കാവുന്ന എളുപ്പം കഴുകി ഉണക്കാവുന്ന പുതപ്പുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതിയായാണ് ജയ്‌പൂർ-അസർവ സൂപർഫാസ്‌റ്റ് എക്സ്പ്രസിൽ പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകൾ അവതരിപ്പിച്ചിരിക്കുന്നത്. വിജയമെന്നു കണ്ടാൽ പദ്ധതി കൂടുതൽ ട്രെയിനുകളിലേക്കു വ്യാപിപ്പിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.

യാത്രികരുടെ സൗകര്യത്തിനൊപ്പം ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ കൂടി രേഖപ്പെടുത്തുന്നവയാണ് പുതിയ സാൻഗനേരി പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകളെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലും അതത് സംസ്‌ഥാനത്തെ കൈത്തറി ഉത്പന്നങ്ങൾ ഉപയോഗിക്കാനാണ് പദ്ധതി.

സാൻഗനേരി

നൂറ്റാണ്ടുകൾ പഴക്കമുള്ള സാൻഗനേരി കൈത്തറി ഉത്പന്നങ്ങളുടെ തുടക്കം രാജസ്ഥാനിലെ സാൻഗനേരി ജില്ലയിൽ നിന്നാണ്. ജയ്‌പൂരിന് അടുത്തുള്ള പ്രദേശമാണിത്. 

മൃദുവായ പരുത്തി വസ്ത്രങ്ങളിൽ ഹാൻഡ് ബ്ലോക്ക് ഉപയോഗിച്ച് പ്രിന്റ് ചെയ്തെടുക്കുന്നവയാണിത്. ഓരോ വസ്ത്രങ്ങളിലെ ഡിസൈനുകളും ശ്രദ്ധാപൂർവം നെയ്ത്തു കലാകാരന്മാർ ചെയ്തെടുക്കുന്നവയാണ്. 

കൃത്യതയും ക്ഷമയും ഏറെ ആവശ്യമുള്ള ഒന്നാണിത്. പൂക്കളും വള്ളികളും ചെടികളുമെല്ലാമാണ് സാധാരണ സാൻഗനേരിയുടെ ഡിസൈനിൽ കണ്ടുവരാറുള്ളത്.

ആർക്കാണ് പുതപ്പ് ലഭിക്കുക?

ഇന്ത്യയിലെ ട്രെയിനുകളിൽ എസി കോച്ചുകളിൽ രാത്രി യാത്ര ചെയ്യുന്നവർക്കാണ് പുതപ്പ് നൽകാറുള്ളത്. ഒരു കമ്പിളി പുതപ്പും രണ്ട് പുതപ്പുകളും ഒരു തലയിണയുമാണ് ഒരു കിറ്റായി നൽകുക. ഫസ്‌റ്റ് എസി, സെക്കൻഡ് എസി യാത്രികർക്ക് ഒരു സെറ്റ് ലഭിക്കും. 

ദീർഘ ദൂര യാത്രകളിൽ തേഡ് എസി യാത്രികർക്കും ഇത് ലഭിക്കും. അതേ സമയം പകൽ മാത്രം നീളുന്ന യാത്രകൾക്കും ഹ്രസ്വദൂര യാത്രകൾക്കും പുതപ്പ് കിറ്റ് ലഭിക്കുകയില്ല. എക്സിക്യൂട്ടീവ്, ചെയർ കാർ ക്ലാസുകളിലെ യാത്രികർക്കും പുതപ്പ് ലഭിക്കില്ല.

റെയിൽവേ സ്‌റ്റേഷൻ വികസനം

പുതപ്പിനൊപ്പം സാൻഗനേരി പ്രിൻ്ഡ് കവറുകൾ നൽകുന്നതിനൊപ്പം മറ്റൊരു പദ്ധതി കൂടി റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കു പടിഞ്ഞാറൻ റെയിൽവേക്കു കീഴിൽ 65 ചെറുകിട-ഇടത്തരം റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതിയാണിത്. 

പുതിയ പ്ലാറ്റ്ഫോം, പ്ലാറ്റ്ഫോമിന് നീളം കൂട്ടുന്നത്, പ്ലാറ്റ്ഫോം ഷെഡുകൾ, ഡിജിറ്റൽ സൈൻ ബോർഡുകൾ, കോച്ച് പൊസിഷൻ ഡിസ്പ്ലേ സിസം, ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്‌റ്റം എന്നിവയെല്ലാമാണ് പുതിയ റെയിൽവേ സ്റ്റേഷനുകളിലേക്കെത്തുക.

വളരെ പുതിയ വളരെ പഴയ