തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ‘ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലെ ശുചിത്വവും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുമാണ് വിലയിരുത്തുക. മികച്ച റേറ്റിംഗ് നേടുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ തലത്തിലുള്ള അവാർഡുകൾ, ക്യാഷ് പ്രൈസ്, അനുമോദനം, സർക്കാർ പദ്ധതികളിൽ മുൻഗണന തുടങ്ങിയ പ്രോത്സാഹനങ്ങൾ ലഭിക്കും.
ഓരോ ഘടകത്തിലും കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് റേറ്റിംഗ് ലഭിക്കുക. 60 ശതമാനം മാർക്കിന് ഒരു ലീഫ്, 80 ശതമാനത്തിന് രണ്ട് ലീഫ്, 100 ശതമാനത്തിന് അഞ്ച് ലീഫ് എന്നിങ്ങനെയാണ് ഗ്രീൻ ലീഫ് റേറ്റിങ് നല്കുന്നത്.
