കണ്ണൂർ: സ്വർണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മോഷണശ്രമങ്ങൾ വർധിക്കാനുള്ള സാധ്യതയെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദേശം നൽകി. പൊതുജനങ്ങൾ കൂടുതൽ സൂക്ഷ്മത പാലിക്കണമെന്നും പരിസരങ്ങളിൽ സംശയാസ്പദരായ വ്യക്തികളെ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതിനാൽ ബീറ്റ് പൊലീസുമായി സഹകരിക്കണമെന്ന് നിർദേശം. അയൽപക്കക്കാരുമായി ബന്ധം ഉറപ്പാക്കുകയും അവരുടെ ഫോൺ നമ്പറുകൾ സൂക്ഷിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
രാത്രിസമയം വീടിന്റെ ചുറ്റും ലൈറ്റുകൾ തെളിയിച്ച് സൂക്ഷ്മത പാലിക്കണമെന്നും അപരിചിതരായവരെ കണ്ടാൽ അവരുടെ ഫോട്ടോ എടുക്കുകയും 112 ൽ വിളിച്ച് അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വീടുകളിൽ CCTV ക്യാമറകൾ സ്ഥാപിക്കുകയും, പുറത്ത് പോകുമ്പോൾ അയൽക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ടൂറിനായി പോകുന്നവർ സ്റ്റേഷനിലെ ആപ്പിൽ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുകയും, ലൊക്കേഷൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരിക്കണമെന്നും നിർദേശമുണ്ട്.
അപരിചിതർ പിരിവിനോ സഹായത്തിനോ എത്തിയാൽ വാതിൽ തുറക്കാതെ ഗേറ്റ് പൂട്ടിയിരിക്കുക, സംശയം തോന്നിയാൽ ഉടൻ പൊലീസിനെ അറിയിക്കുക എന്നീ നിർദേശങ്ങളും മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമ്പല, പള്ളി കമ്മിറ്റികൾ നിർബന്ധമായും CCTV ക്യാമറകൾ സ്ഥാപിക്കുകയും സ്വർണ്ണം, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ ആരാധനാലയങ്ങളിൽ സൂക്ഷിക്കാതിരിക്കണമെന്നും പൊലീസ് അറിയിച്ചു.
പൊതുജനങ്ങൾ ജാഗ്രത പാലിച്ച് ഒരുമിച്ചുനിന്നാൽ മോഷണശ്രമങ്ങളെ ചെറുക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. അടിയന്തരാവശ്യത്തിനുള്ള പൊലീസ് ഹെൽപ്ലൈൻ നമ്പർ — 112.
