കണ്ണൂർ : പങ്കെടുത്ത ആദ്യ സംസ്ഥാന സ്കൂൾ കായികമേളയിൽ തന്നെ ഇരട്ട മെഡൽ നേടി കണ്ണൂരിലെ കൊച്ചുമിടുക്കി അനുവർണിക. ആർട്ടിസ്റ്റിക് യോഗയിൽ സ്വർണവും ട്രഡിഷണൽ യോഗയിൽ വെള്ളിയും സ്വന്തമാക്കി മമ്പറം യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കണ്ണൂരിന്റെ അഭിമാനമായി.
പന്ത്രണ്ടുകാരിയായ അനുവർണികയുടെ വിജയത്തിന് പിന്നിൽ നിരന്തര പരിശ്രമവും കഠിനമായ പരിശീലനവുമാണ്. രാവിലെ അഞ്ചുമുതൽ ആറു വരെ ഓൺലൈനായി പരിശീലനം നടത്തുന്ന അനുവർണിക അവധി ദിവസങ്ങളിൽ നേരിട്ടും യോഗ അഭ്യസിക്കുന്നു. സംസ്ഥാന കായികമേളയ്ക്കായി കണ്ണൂർ യോഗ അസോസിയേഷനും സംസ്ഥാന കോച്ച് കെ. ടി. കൃഷ്ണദാസും ചേർന്ന് മൂന്ന് മാസത്തെ പ്രത്യേക പരിശീലനം നൽകിയിരുന്നു.
അഞ്ച് വയസുമുതലാണ് അനുവർണിക യോഗം അഭ്യസിക്കുന്നത്. എട്ടാം വയസിൽ തന്നെ യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത അവൾ 2021-ൽ ഹരിയാനയിലെയും 2022-ലെ നാഷണൽ യോഗ ചാമ്പ്യൻഷിപ്പിലെയും വെള്ളി മെഡലുകൾ നേടി. 2023-ൽ അസമിലും 2024-ൽ ഹിമാചലിലുമുണ്ടായ മത്സരങ്ങളിൽ വെങ്കല മെഡലുകളും നേടി.
സംസ്ഥാന കായികമേളയിലെ യോഗ മത്സരങ്ങളിൽ അണ്ടർ–19 വിഭാഗം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 12 വയസിന് താഴെയായതിനാൽ കഴിഞ്ഞവർഷം അവൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം പ്രായപരിധിയിലായി എത്തിയതോടെ ആദ്യ അവസരത്തിൽ തന്നെ ഇരട്ട മെഡൽ സ്വന്തമാക്കി.
മാങ്ങാട്ടിടം സ്വദേശികളായ സുജീഷ്–പ്രിനിത ദമ്പതികളുടെ മകളാണ് അനുവർണിക. അച്ഛൻ സുജീഷ് യോഗ പരിശീലകനും മാങ്ങാട്ടിടം ക്ഷീര സഹകരണ സംഘം സെക്രട്ടറിയുമാണ്. അമ്മ പ്രിനിതയും യോഗ അധ്യാപികയാണ്. ഈ വർഷം യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 30–35 വിഭാഗത്തിൽ പ്രിനിത നാലാം സ്ഥാനം നേടി. നാലുവയസുകാരൻ അദ്വിക് ആണ് അനുവർണികയുടെ സഹോദരൻ.


