Zygo-Ad

കോഴിമുട്ട വില റെക്കോഡ് താഴ്ചയില്‍; സംസ്ഥാനത്ത് കോഴി വിപണിയിലും തിരിച്ചടി


സംസ്ഥാനത്ത് കോഴിമുട്ട വിലയില്‍ വന്‍ ഇടിവ്. മാസങ്ങള്‍ക്ക് മുമ്പ് 10 രൂപയ്ക്കും അതിന് മുകളിലേക്കും കുതിച്ച മുട്ട വിലയാണ് താഴ്ചയിലേക്ക് പതിക്കുന്നത്.

നിലവില്‍ വളരെ കുറഞ്ഞ നിരക്കില്‍ മുട്ട കഴിക്കാം. കോഴിയിറച്ചി വില കുറഞ്ഞതിന് പിന്നാലെയാണ് കോഴിമുട്ടയുടെ വിലയും താഴോട്ടിറങ്ങുന്നത്. എല്‍പിജി സിലിണ്ടര്‍ ക്ഷാമവും ചൂട് വര്‍ധിച്ചതുമാണ് സംസ്ഥാനത്ത് കോഴി വിപണിയില്‍ തിരിച്ചടിയായിരിക്കുന്നത്.

കോഴിമുട്ട വില

കേരളത്തില്‍ നിലവില്‍ ഒരു കോഴിമുട്ടയ്ക്ക് 5 രൂപയാണ് വില. കഴിഞ്ഞ ജനുവരിയില്‍ 6.40 പൈസയിലെത്തിയിരുന്നു. പിന്നീട് മാസങ്ങള്‍ക്കുള്ളിലാണ് 5 രൂപയിലേക്കുള്ള ഇറക്കം. ഉത്പാദനം വര്‍ധിച്ചതും തൈപ്പൂയം ആഘോഷവുമായിരുന്നു അന്നത്തെ വിലയിറക്കത്തിന് കാരണമായിരുന്നതെങ്കില്‍ ഇപ്പോള്‍ വില്ലനാകുന്നത് കനത്ത ചൂടും എല്‍പിജി സിലിണ്ടര്‍ ക്ഷാമവുമാണ്.

ചൂട് ഉയരാന്‍ തുടങ്ങിതോടെ ഫാമുകളില്‍ കോഴികള്‍ കൂട്ടമായി ചത്തൊടുങ്ങുന്നുണ്ട്. ഇതാണ് വിലയിറക്കത്തിന് പ്രധാന കാരണം. മാത്രമല്ല, എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും കൂടുതല്‍ ഇന്ധനം ആവശ്യമായി വരുന്ന ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്നുമില്ല. ഇതും മുട്ടയുടെ ഡിമാന്‍ഡ് കുറച്ചു.

കോഴിയിറച്ചി വിലയും കുറയുന്നു

സംസ്ഥാനത്തെ കോഴിയിറച്ചി വിലയും നന്നായി കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 100 ഉം 110 മാണ് നിലവില്‍ കിലോയ്ക്ക് ഈടാക്കുന്ന വില. എല്‍പിജി ക്ഷാമം, ചൂട് എന്നിവ തന്നെയാണ് കോഴിവില ഇടിയുന്നതിനും പ്രധാന കാരണം. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ കോഴി ഇറച്ചി, കോഴിമുട്ട വിലകള്‍ ഇനിയും കുറയുമെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു.

വളരെ പുതിയ വളരെ പഴയ