Zygo-Ad

'ജനനായകൻ' ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ട് കാലിയാകും; സൈബര്‍ വിദഗ്ധരുടെ പ്രത്യേക മുന്നറിയിപ്പ്


തമിഴ് സൂപ്പർതാരം വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുൻപേ ഇന്റർനെറ്റില്‍ ചോർന്നത് സിനിമാ വ്യവസായത്തെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ സംഭവമാണ്.

വിജയ് നായകനായി എത്തുന്ന അവസാന ചിത്രം എന്ന നിലയില്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രം കാണാൻ ആരാധകർ കാത്തിരുന്നത്. അതിനിടെയാണ് ചിത്രം ഇൻറർനെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അപകടകരമായ മറ്റൊരു വാർത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

 സിനിമ കാണാനുള്ള ആവേശത്തില്‍ സോഷ്യല്‍ മീഡിയയിലും ഇന്റർനെറ്റിലും പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. സിനിമയുടെ വ്യാജ പതിപ്പ് എന്ന പേരില്‍ പ്രചരിക്കുന്നത് യഥാർത്ഥത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടുള്ള സൈബർ കെണികളാണ്.

വിവാദങ്ങള്‍ക്കിടെ 'ചോർന്ന' ജനനായകൻ

എച്ച്‌. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങളെത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. 

മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ച്‌ സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു. നിർമ്മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും സിനിമ നിലവില്‍ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. 

ഇത്തരത്തില്‍ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് സിനിമയുടെ ടൈറ്റില്‍ ക്രെഡിറ്റുകളും ക്ലൈമാക്സ് ഭാഗങ്ങളും ഉള്‍പ്പെടെയുള്ള എച്ച്‌.ഡി ദൃശ്യങ്ങള്‍ പൈറസി സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്.

ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ്

വാട്സാപ്പ്, എക്സ് (ട്വിറ്റർ), ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിനിമയുടെ 'ഡൗണ്‍ലോഡ് ലിങ്കുകള്‍' വ്യാപകമായി പ്രചരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും താഴെ പറയുന്ന അപകടങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ളവയാണ്.

മാല്‍വയർ ആക്രമണം: സിനിമ ഡൗണ്‍ലോഡ് ചെയ്യാനെന്ന പേരില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപകടകാരികളായ വൈറസുകളോ മാല്‍വയറുകളോ നിങ്ങളുടെ ഫോണില്‍ ഇൻസ്റ്റാള്‍ ആയേക്കാം. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ഒ.ടി.പി (OTP) സന്ദേശങ്ങളും തട്ടിപ്പുകാർക്ക് ചോർത്തി നല്‍കും.

ഫിഷിംഗ് കെണികള്‍: ബാങ്ക് വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ പേജുകളിലേക്കാണ് പല ലിങ്കുകളും വായനക്കാരെ നയിക്കുന്നത്. സിനിമ കാണാൻ ലോഗിൻ ചെയ്യണം എന്ന വ്യാജേന നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ ഇവർ കൈക്കലാക്കും.

വിക്കിപീഡിയയിലെ വ്യാജ ലിങ്ക്:

ജനനായകൻ സിനിമയുടെ വിക്കിപീഡിയ പേജില്‍ പോലും വ്യാജ ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. പൈറസി സൈറ്റുകള്‍ പോലും ചിത്രം റിലീസിന് മുൻപ് പുറത്തുവിടില്ലെന്ന് പറയുമ്പോഴാണ് അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരം ലിങ്കുകള്‍ പ്രചരിക്കുന്നത്.

ആരാധകർ ചെയ്യേണ്ടത്

സിനിമ കാണാനുള്ള നിങ്ങളുടെ വ്യഗ്രതകാരണം നിയമവിരുദ്ധമായ ലിങ്കുകള്‍ക്ക് പിന്നാലെ പോകുന്നത് വർഷങ്ങളായുള്ള സമ്പാദ്യം നഷ്ടപ്പെടാൻ കാരണമായേക്കാം. ഔദ്യോഗികമായി തിയേറ്ററുകളിലോ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലോ ചിത്രം വരുന്നത് വരെ കാത്തിരിക്കുക. സംശയാസ്പദമായ ലിങ്കുകള്‍ ലഭിച്ചാല്‍ അവ തുറക്കാനോ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനോ മുതിരരുത്. സൈബർ സുരക്ഷ പാലിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർക്കുക.

വളരെ പുതിയ വളരെ പഴയ