ഹൈദരാബാദിൽ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു. സംഭവത്തിന് പിന്നാലെ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ രമണിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു.
രമണിയും മനോഹറും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണെന്ന് അറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെ യുവതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന്റെ പകയിൽ കഴിഞ്ഞ മാർച്ചിൽ ഇയാൾ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് കടുത്ത മാനസിക സങ്കടത്തിലായിരുന്ന യുവതിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
