Zygo-Ad

കേരള സ്കൂൾ കായികമേള; സ്വർണം നേടിയ വീടില്ലാത്ത താരങ്ങൾക്ക് വീട്, സ്പോണ്‍സർമാരായി, പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

 


തിരുവനന്തപുരം: കേരള സ്കൂൾ കായികമേളയിൽ സ്വർണ്ണം നേടിയ വീടില്ലാത്തവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പല കായിക താരങ്ങൾക്കും വീടില്ലാത്ത അവസ്ഥയുണ്ടെന്നും രണ്ടാമത് സ്കൂൾ ഒളിമ്പിക്സിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരു തീരുമാനം എടുത്തിട്ടുണ്ട്. കേരള സ്കൂൾ കായികമേളയിൽ സ്വർണം നേടിയ വീടില്ലാത്തവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകൾ നിർമ്മിച്ചു നൽകും. 50 വീടുകൾ നിർമ്മിച്ചു നൽകാനാണ് തീരുമാനം. നിലവിൽ ഇതിനുള്ള സ്പോൺസർമാരായി എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മന്ത്രി വി. ശിവൻകുട്ടിയാണ് താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയത്. 

ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിൻ്റെ റെക്കോർഡാണ് ഈ പ്ലസ് ടു വിദ്യാർത്ഥിനി തിരുത്തിയെഴുതിയത്. 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു. ഒരു മാസം മുൻപ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും, ശസ്ത്രക്രിയ മാറ്റിവെച്ച്, കടുത്ത വേദന സഹിച്ച് മത്സരത്തിൽ പങ്കെടുത്ത ദേവനന്ദയുടെ കായികക്ഷമതയേക്കാൾ ഉപരി നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമാണ് ഈ നേട്ടം.ബാർബറായ അച്ഛൻ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസ്സിലാക്കിയാണ് മന്ത്രി ഈ തീരുമാനമെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്‌സിനെയാണ് വീട് നിർമ്മിക്കുന്നതിൻ്റെ ചുമതല മന്ത്രി ഏൽപ്പിച്ചിരിക്കുന്നത്. കായികരംഗത്ത് കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിന് ദേവനന്ദയ്ക്ക് എല്ലാവിധ പിന്തുണയും സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.

വളരെ പുതിയ വളരെ പഴയ