പത്തനംതിട്ട: കണ്ണൂരില്‍ അഴിമതി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എഡിഎം കെ നവീൻ ബാബുവിൻ്റെ കുടുംബം മാനനഷ്ട കേസ് ഫയല്‍ ചെയ്തു.
65 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കും, കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനും എതിരെയാണ് ഹർജി നല്‍കിയത്.
നവീൻ ബാബുവിനെ അഴിമതിക്കാരൻ എന്ന് പൊതു സമൂഹത്തില്‍ തെറ്റായി ചിത്രീകരിച്ചതിനാണ് കുടുംബം കേസ് നല്‍കിയത്. ഹർജി നല്‍കിയതിനെ തുടർന്ന പത്തനംതിട്ട സബ് കോടതി ഇരുവർക്കും നോട്ടീസ് അയച്ചു. നവംബർ 11 ന് ഹർജി പരിഗണിക്കും.
2024 ഒക്ടോബർ 15 കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ വെച്ചാണ് എഡിഎം കെ നവീൻ ബാബു ആത്മഹത്യ ചെയ്തത്. തലേ ദിവസം, നവീൻ ബാബു സ്ഥലം മാറി പോകുന്നതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ചടങ്ങില്‍ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ക്ഷണമില്ലാതെ കയറി വരികയും അഴിമതി ആരോപണം നടത്തുകയും ചെയ്തിരുന്നു.
ദിവ്യയുടെ ആരോപണത്തില്‍ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിച്ചത്. തുടർന്ന് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ദിവ്യയുടെ പേരില്‍ പൊലീസ് കേസെടുത്തു. ദിവ്യക്ക് എതിരായ പ്രതിക്ഷേധം കനത്തതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും ദിവ്യ രാജി വെച്ചു.
ടി.വി. പ്രശാന്ത് ഉന്നയിച്ച കൈക്കൂലി ആരോപണം അന്വേഷണ സംഘം തള്ളിയെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താൻ തയാറായില്ല.
അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലില്‍ കുടുംബം തൃപ്തരല്ലാത്തതിനാല്‍ തുടർ ഹർജികള്‍ കോടതിയില്‍ നല്‍കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
