Zygo-Ad

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്നോട്ട്; സിപിഐയ്ക്ക് വഴങ്ങി സിപിഎം, ധാരണപത്രം മരവിപ്പിക്കും


തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്.

കേന്ദ്ര സര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കും. പദ്ധതിയില്‍ മാറ്റം ആവശ്യപ്പെടും എന്നാണ് വിവരം. സിപിഐ മുന്നോട്ട് വെച്ച ഉപാധികള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മാനദണ്ഡങ്ങളില്‍ ഇളവ് വേണം എന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. അതേ സമയം നവംബര്‍ 2 ന് എല്‍ഡിഎഫ് യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. 

എന്നാല്‍ സര്‍ക്കാര്‍ കരാര്‍ മരവിപ്പിക്കാന്‍ കത്ത് നല്‍കിയാലും അന്തിമ തീരുമാനം കൈക്കൊള്ളുക. അതേ സമയം സിപി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസാരിച്ചു.

കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരുവരുടേയും ഫോണ്‍ സംഭാഷണം. മുഖ്യമന്ത്രി സിപിഐ നേതാക്കളെ വിളിച്ച്‌ പുതിയ തീരുമാനം വിശദീകരിക്കും. 

ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗം ബുധനാഴ്ച മൂന്നരയിലേക്കു മാറ്റിയിരുന്നു.

സമവായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു നീക്കം. തളിപ്പറമ്പിലെ പരിപാടികള്‍ മാറ്റി വെച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തലസ്ഥാനത്തേക്ക് എത്തിയിരുന്നു. 

ഇന്ന് രാവിലെ നടന്ന സിപിഎമ്മിന്റെ അവയ്‌ലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സമവായത്തിന് പാര്‍ട്ടി തയ്യാറായത്. രാവിലെ നടന്ന അടിയന്തര യോഗത്തില്‍ പിണറായി വിജയന്‍, എം എ ബേബി, എം വി ഗോവിന്ദന്‍, എല്‍ ഡി എഫ് കണ്‍വീനല്‍ ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

ഇന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗവും തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ 4 മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായ നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്.

 2017ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ്.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിക്കലെത്തി നില്‍ക്കേ സിപിഐ പിണക്കുന്നത് തുടര്‍ഭരണത്തിന് വിഘാതമാകും എന്നാണ് സിപിഎം വിലയിരുത്തല്‍. 

മുന്നണിയുടെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ് എന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതാണ് പെട്ടെന്നുള്ള നിലപാട് മാറ്റത്തിന് കാരണം.

വളരെ പുതിയ വളരെ പഴയ