Zygo-Ad

സംശയ രോഗം വിവാഹ മോചനത്തിന് മതിയായ കാരണം, സംശയ രോഗിയായ ഒരു ഭര്‍ത്താവ് വിവാഹ ജീവിതം നരക തുല്യമാക്കും- ഹൈക്കോടതി


കൊച്ചി: സംശയ രോഗിയായ ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയ്ക്ക് അതിനുള്ള അർ‍ഹതയുണ്ടെന്ന് ഹൈക്കോടതി.

കുടുംബ കോടതി കൈവിട്ടതോടെ ഇതേ ആവശ്യവുമായി യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹ മോചനം നിരസിച്ച കോട്ടയം കുടുംബ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.

2013ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യയാണ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ തന്നെ ജോലി രാജി വയ്പിച്ച്‌ ഭർത്താവ് ഗള്‍ഫിലേക്ക് കൊണ്ടു പോയെന്ന് ഭാര്യ പറയുന്നു. ഭർത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. 

എന്നാല്‍ അവിടെ ചെന്നപ്പോള്‍ മുതല്‍ സംശയ ദൃഷ്ടിയോടെയാണ് ഭർത്താവ് പെരുമാറിയത്. പുറത്തു പോകുമ്പോള്‍ വാതില്‍ പൂട്ടി പോകുന്നു, തന്റെ സാന്നിധ്യത്തിലല്ലാതെ ആരോടും സംസാരിക്കരുത്, ടിവി കാണാൻ സമ്മതമില്ല, ജോലിക്ക് വിടില്ല തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഭാര്യ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഹർജിയില്‍ പറയുന്നു.

മാത്രമല്ല ഭാര്യയുടെ മാതാപിതാക്കളോടും മോശമായി പെരുമാറിയെന്നും ഭർത്താവ് പലതവണ കൗണ്‍സിലിങ്ങിനു വിധേയനായെങ്കിലും സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ വിവാഹ മോചനത്തിന് അപേക്ഷിച്ചത്. 

എന്നാല്‍ ഭർത്താവ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. തുടർന്ന് കുടുംബ കോടതി വിവാഹ മോചനം നിരസിക്കുകയായിരുന്നു. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.

 തുടർന്ന് നടന്ന വാദത്തിനിടയില്‍ ഭാര്യയോട് കാണിച്ചുവെന്ന് പറയുന്ന ക്രൂരതകള്‍ അത്ര വലിയ കാര്യമല്ലെന്നും സാധാരണ കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ മാത്രമേയുള്ളുവെന്നും ഭർത്താവ് വാദിച്ചു.

പക്ഷെ സംശയരോഗിയായ ഒരു ഭർത്താവ് വിവാഹ ജീവിതം നരക തുല്യമാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭർത്താവില്‍ നിന്ന് ഇത്തരത്തിലുള്ള ക്രൂരതകള്‍ നേരിടുന്ന ഒരു സ്ത്രീക്ക് അതിനെല്ലാം തെളിവുകള്‍ കണ്ടെത്താൻ സാധിച്ചുവെന്ന് വരില്ല.

 അതിന്റെ പേരില്‍ അവരുടെ വാദം കേട്ടില്ലെന്ന് നടിക്കാനും കോടതിക്ക് കഴിയില്ല. പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും മനസിലാക്കലിലും അധിഷ്ഠിതമായ വിവാഹ ജീവിതത്തെ സംശയരോഗവും വിശ്വാസമില്ലായ്മയും നശിപ്പിക്കും. 

ഭാര്യയെ സംശയിക്കുന്ന ഭർത്താവ് നശിപ്പിക്കുന്നത് അവരുടെ മാനസികാരോഗ്യത്തേയും ആത്മാഭിമാനത്തേയുമാണ്. പരസ്പര വിശ്വസത്തിന്റെ സ്ഥാനത്ത് സംശയം കടന്നു വരുന്നതോടെ ബന്ധത്തിന് അതിന്റെ എല്ലാ അർഥവും നഷ്ടമാകുന്നു. 

ഭാര്യയുടെ ഓരോ ചലനവും നിരീക്ഷിക്കുകയും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും ചെയ്യുന്നത് അങ്ങേയറ്റം മാനസിക പ്രയാസമുണ്ടാക്കുന്നതും അവരെ അവ മതിക്കുന്നതുമാണ്.

അതുകൊണ്ടു തന്നെ ഇത്തരത്തില്‍ പെരുമാറുന്ന ഒരു ഭർത്താവിനൊപ്പം ഭാര്യ തുടർന്നും ജീവിക്കണമെന്ന് പറയാൻ ഒരു സാഹചര്യവുമില്ല. വിവാഹ മോചനത്തിലൂടെ ആത്മാഭിമാനത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാൻ ആ ഭാര്യയ്ക്ക് എല്ലാ അവകാശവുമുണ്ട്. 

ഭർത്താവ് തന്നോട് ക്രൂരതയോടെയാണ് പെരുമാറുന്നതെന്നും ഈ ബന്ധം തുടർന്നാല്‍ ജീവനു തന്നെ ആപത്താകുമെന്നും തെളിയിക്കാൻ ഭാര്യയ്ക്ക് സാധിച്ചിട്ടുണ്ട് എന്നും അതിനാല്‍ വിവാഹ മോചനത്തിന് അർഹയാണെന്നും കോടതി വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ