കാസർഗോഡ്: ഭർത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതിക്ക് പരിക്ക്. അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) കർണാടകയിലെ മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് കുത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.
ഇവരെ കാസർഗോഡ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ടക്കോല്‍ സ്വദേശിയായ ഭർത്താവില്‍ നിന്നുള്ള വിവാഹ മോചനത്തിന് രേഖ കേസ് നല്‍കിയിട്ടുണ്ട്.
ഭർത്താവിന്റെ സുഹൃത്ത് കൂടിയായ പ്രതാപ് നിരന്തരം ശല്യം ചെയ്യുന്നെന്ന് കാണിച്ച് യുവതി വനിതാ സെല്ലിലും ആദൂർ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
സ്റ്റേഷനില്‍ നടന്ന ഒത്തുതീർപ്പ് ചർച്ചയില്‍ ഇനി ശല്യംചെയ്യില്ലെന്ന് ഇയാള്‍ ഉറപ്പു നല്‍കിയതുമാണെന്ന് രേഖയുടെ സഹോദരൻ രമണ്ണ പറഞ്ഞു.
എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് അഡൂർ ലോട്ടറി സ്റ്റാളില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകവെ വഴിയില്‍ കാത്തുനിന്ന പ്രതാപ് കഠാരയുപയോഗിച്ച് രേഖയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.