തിരുവനന്തപുരം: ഇന്നു മുതല്‍ സപ്ലൈകോയില്‍ 349 രൂപ വിലയുണ്ടായിരുന്ന സബ്‌സിഡി വെളിച്ചെണ്ണ പത്തു രൂപ കുറച്ച് 339 രൂപയ്ക്ക് കൊടുക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഠിനമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സെപ്റ്റംബര്‍ മാസത്തിലെ സബ്‌സിഡി സാധനങ്ങള്‍ ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് വാങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
250 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ ഓഫറുകളും വിലക്കുറവും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്.
60 കോടി രൂപയുടെ സബ്സിഡി ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ മാസം സപ്ലൈകോ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം സപ്ലൈകോ വില്പന ശാലകളെ ആശ്രയിച്ചതായും മന്ത്രി പറഞ്ഞു.
ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ചതായും ഓണക്കാലത്ത് സബ്‌സിഡി അരിയ്ക്കു പുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കില്‍ സ്പെഷ്യല്‍ അരിയായി ലഭ്യമാക്കും.
സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ഓഗസ്റ്റ് 22വരെയുള്ള വിറ്റുവരവ് 180 കോടി രൂപയാണ്. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണെന്നും മന്ത്രി പറഞ്ഞു.