മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി പിതാവ്. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. സിവിൽ ഡിഫൻസ് അംഗം ഷെഫീഖ് അമ്മിനിക്കാടിനാണ് ലഭിച്ച പരിശീലനം തുണയായത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിന് പിതാവ് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുഞ്ഞിനെ വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറിലിരുത്തി മാതാവ് ഭക്ഷണം നൽകുന്നതിനിടെയാണ് പെട്ടെന്ന് തൊണ്ടയിൽ കുടുങ്ങിയത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് മാതാവ് ഉടൻ തന്നെ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നുണ്ട്. തുടര്‍ന്ന് കുഞ്ഞിന്‍റെ പുറത്ത് തട്ടികൊടുക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതിനിടെ കുഞ്ഞിന്‍റെ പിതാവ് വീട്ടിന്‍റെ അകത്ത് നിന്ന് വന്നു. ഉടൻ തന്നെ കുഞ്ഞിനെ എടുത്ത് കമഴ്ത്തി കിടത്തിയശേഷം പുറത്ത് ശക്തമായി തട്ടുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം.ഇതോടെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തുവന്നു. സിവിൽ ഡിഫന്‍സ് അംഗമായി പ്രവര്‍ത്തിക്കുന്നതിനിടെ ലഭിച്ച പരിശീലനമാണ് ഷെഫീഖ് അമ്മിനിക്കാടിന് സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താൻ തുണയായത്. സെക്കന്‍ഡുകള്‍ക്കുള്ളിൽ തന്നെ കുഞ്ഞിനെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താനായതിന്‍റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഷെഫീഖും വീട്ടുകാരും