കാസർഗോഡ്: യുവതിയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ബാര അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രേഞ്ചഷിന്റെ ഭാര്യ കെ.നന്ദനയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുപത്തൊന്നുകാരിയായ നന്ദനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരിയ ആയംപാറ വില്ലാരംപെതി കൊള്ളിക്കാലിലെ കെ. രവിയുടെയും സീനയുടെയും ഏക മകളാണ്. വിവാഹത്തിന് മുൻപ് നന്ദന കാസർഗോഡ് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു.
ഏപ്രില്‍ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷാണ് ഭർത്താവ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഭർതൃ വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടതായി നിലവില്‍ വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശം അയച്ച ശേഷമാണ് നന്ദന ജീവനൊടുക്കിയത്. അമ്മ ഉടനെ നന്ദനയുടെ ഭർത്താവ് രഞ്ജേഷിനെ വിളിച്ചു. രഞ്ജേഷ് ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീട്ടുകാരെ വിളിച്ചപ്പോള്‍ നന്ദനയുടെ മുറി പൂട്ടിയ നിലയിലായിരുന്നു. ഉടൻ വാതില്‍ പൊളിച്ച് അകത്തു കയറിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതിയുടെ കുടുംബം മരണത്തിൽ അസ്വഭാവികതയുണ്ടെന്നാരോപിച്ചു.
ആർഡിഒ ബിനു ജോസഫ്, എസ്‌ഐ കെ.എൻ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർഗോഡ് ജനറല്‍ ആസ്പത്രിയിലേക്കു മാറ്റി. യുവതിയുടെ വീട്ടുകാർ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
