യാത്രക്കായി റെയില്‍മാർഗം തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ റെയില്‍വേ നിരവധി നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്
ഇനി മുതല്‍ വിമാനത്താവളങ്ങളിലെ പോലെ റെയില്‍വേ സ്റ്റേഷനുകളിലും ലഗേജുകള്‍ തൂക്കിനോക്കും. ലഗേജ് എവിടെ പരിശോധിക്കുന്നു, പരിധി കവിഞ്ഞാല്‍ എന്ത് സംഭവിക്കും തുടങ്ങിയ ചോദ്യങ്ങള്‍ പലർക്കും ഉണ്ടാകാറുണ്ട്. റെയില്‍വേയുടെ ലഗേജ് നിയമങ്ങളേക്കുറിച്ചും ശിക്ഷാ നടപടികളേക്കുറിച്ചും ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
എത്ര ലഗേജ് കൊണ്ടുപോകാം?
യാത്രാ ക്ലാസിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ റെയില്‍വേ ലഗേജിന്റെ ഭാര പരിധി നിശ്ചയിച്ചിരിക്കുന്നത്.
ജനറല്‍ ക്ലാസ്: 35 കിലോ വരെ (സൗജന്യം)
സ്ലീപ്പർ ക്ലാസ്: 40 കിലോ വരെ (സൗജന്യം)
തേർഡ് എ.സി: 40 കിലോ വരെ (സൗജന്യം)
സെക്കൻഡ് എ.സി: 50 കിലോ വരെ (സൗജന്യം)
ഫസ്റ്റ് എ.സി: 70 കിലോ വരെ (സൗജന്യം)
നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകുന്നവർ മുൻകൂട്ടി പാർസല്‍ ഓഫീസില്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.
അധിക ലഗേജ് കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും?
ബുക്ക് ചെയ്യാതെ അധിക ലഗേജ് കണ്ടെത്തിയാല്‍, ടി.ടി.ഇ അല്ലെങ്കില്‍ ലഗേജ് ഇൻസ്‌പെക്ടർക്ക് പിഴ ചുമത്താം. പിഴയുടെ തുക അധിക ഭാരത്തിന്റെ അളവിനെയും യാത്രാ ദൂരത്തെയും ആശ്രയിച്ചിരിക്കും. ഇതൊഴിവാക്കാൻ അധിക ലഗേജ് ഉണ്ടെങ്കില്‍ ബുക്ക് ചെയ്യുന്നതാണ് ഉചിതം
ലഗേജ് എവിടെയാണ് പരിശോധിക്കുന്നത്?
എല്ലാ യാത്രക്കാരുടെയും ഭാരം പരിശോധിക്കാറില്ല. എന്നാല്‍, പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ലഗേജ് സ്കാനറുകള്‍ ഉള്ളിടത്തോ പാർസല്‍ ഓഫീസിന് സമീപമോ പരിശോധന നടത്താറുണ്ട്. ട്രെയിൻ ടിക്കറ്റ് എക്സാമിനർമാരോ (ടി.ടി.ഇ), ലഗേജ് ഇൻസ്‌പെക്ടർമാരോ അമിതമായി വലുതോ ഭാരമുള്ളതോ ആയ ലഗേജ് കണ്ടെത്തിയാല്‍ പരിശോധിക്കാം. സുരക്ഷാ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ലഗേജിന്റെ ഭാരം പരിശോധിക്കാറുണ്ട്. ടിവി, വലിയ സ്യൂട്ട്കേസുകള്‍, ബോക്സുകള്‍ തുടങ്ങിയ വലിയ വസ്തുക്കള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്