Zygo-Ad

21 വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ മൂന്നര പവൻ മാല അജ്ഞാതൻ തിരികെ നൽകി; കൂടെ കുറിപ്പും

 

പാലക്കാട്  :വീട്ടിലേക്ക് വന്ന കൊറിയർ തുറന്നുനോക്കിയപ്പോൾ ഖദീജയുടെ കണ്ണുകൾ നിറഞ്ഞത് അതിശയത്താലും വികാരത്താലും. 21 വർഷങ്ങൾക്ക് മുമ്പ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായ മൂന്നര പവൻ മാലയാണ് അജ്ഞാതൻ തിരികെ അയച്ചിരുന്നത്. പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറത്തുകാരിയായ പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ ആഭരണമാണ് അന്ന് കാണാതായത്. ഏറെ തിരച്ചിട്ടും മാല ലഭിക്കാതെ പോകുകയും പിന്നീട് അത് മറന്നുപോകുകയും ചെയ്തിരുന്നു.

സമീപത്തെ കടയിൽ വീട്ടിലേക്കുള്ള കൊറിയർ എത്തിയെന്ന വിവരം മകൻ ഇബ്രാഹിമിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചറിയിച്ചതോടെയാണ് സംഭവം കുടുംബത്തിന് അറിവായത്. ആരെങ്കിലും ഓർഡർ ചെയ്തതാണെന്ന് കരുതി കൊറിയർ തുറന്നപ്പോൾ അകത്ത് മാലയ്ക്കൊപ്പം ഒരു കൈയെഴുത്ത് കുറിപ്പും.

“വർഷങ്ങൾക്ക് മുമ്പ് താങ്കളുടെ ആഭരണം എന്റെ കൈയിലെത്തിയിരുന്നു. അന്നത്തെ സാഹചര്യത്തിൽ അത് ഉപയോഗിക്കേണ്ടിവന്നു. ഇന്ന് അതിനാൽ വലിയ ഖേദമുണ്ട്. അതിനാലാണ് സമാനമായ ആഭരണം തിരികെ നൽകുന്നത്. സന്തോഷത്തോടെ സ്വീകരിക്കണം. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു” – കുറിപ്പിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.

പവന്റെ വില എൺപതിനായിരത്തിനോട് അടുക്കുമ്പോഴാണ് വർഷങ്ങൾക്കിപ്പുറം നഷ്ടമായ സ്വർണം അജ്ഞാതൻ തിരികെ നൽകിയത്. “കൈപ്പിഴ തിരുത്താൻ കണ്ട മനസിനായി പ്രാർത്ഥിക്കുന്നു. അജ്ഞാതനെ അന്വേഷിക്കാൻ താല്പര്യമില്ല മറിച്ച് അദ്ദേഹത്തെ ബഹുമാനിക്കുന്നു"-എന്നാണ് ഖദീജയുടെ പ്രതികരണം.ലഭിച്ച ആഭരണം യഥാർത്ഥ സ്വർണം ആണെന്ന് പരിശോധിച്ചു സ്ഥിരീകരിച്ചു.

വളരെ പുതിയ വളരെ പഴയ