പാലക്കാട്: സ്കൂൾ പരിസരത്ത് നിന്ന് ലഭിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പത്ത് വയസുകാരന് പരിക്കേറ്റു. പാലക്കാട് മൂത്താന്തറയിലെ ദേവി വിദ്യാനികേതൻ സ്കൂളിന് പരിസരത്താണ് സ്ഫോടനമുണ്ടായത്.
കുട്ടിയെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ വളപ്പിൽ നിന്ന് 4 സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. പന്നിപ്പടക്കമാണെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്.
കുട്ടി സ്‌ഫോടക വസ്തു കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കാൻ നോക്കിയിരുന്നതായി പറയുന്നു. ഇതിന് ശേഷം സ്‌ഫോടക വസ്തു പുറത്തേക്ക് എറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചെണ്ണമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണമാണ് പൊട്ടിയത്.
കുട്ടിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇത് എവിടെ നിന്നു വന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.
അതേ സമയം ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിലാണ് സ്ഫോടനമുണ്ടായതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഇന്ന് രാവിലെ സംഘത്തിന്റെ ശാഖ നടന്ന സ്ഥലമാണിത്.
സംഘപരിവാർ സംഘടനകളുടെ ശക്തി കേന്ദ്രമായ സ്കൂളിൽ സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നും ഡിവൈഎഫ് ഐ പറഞ്ഞു.
അതിനിടെ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി രംഗത്തെത്തി. സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു.